താനൂര്‍ പഞ്ചായത്ത് ബസ്സ്റ്റാന്റ് ശിലാസ്ഥാപനം നടന്നു ;കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചു

താനൂര്‍: താനൂര്‍ ഗ്രാമപഞ്ചായത്ത് പുതുതായി നിര്‍മിക്കുന്ന ബസ്സ്റ്റാന്റിന്റെ ശിലാസ്ഥാപനം നടത്തി. വ്യവസായ-ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ശിലാസ്ഥാപനം നിര്‍വഹിച്ചത്. ജില്ലയുടെ വികസന പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഊര്‍ജ്ജിത ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പഞ്ചായത്ത് ബസ്സ്റ്റാന്റ് നിര്‍മാണത്തിന് ഒരുങ്ങുന്നത്. ഇതിനായി സ്വകാര്യ വ്യക്തിയില്‍ നിന്നും 60 സെന്റ് ഭൂമി 50 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുകയാണ്.

പരിപാടിയില്‍ അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ ജൈവ വൈവിധ്യ രജിസ്റ്റര്‍ മുന്‍മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടി ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ വി വര്‍മക്ക് നല്‍കി പ്രകാശനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി സി കെ ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കമ്മുക്കുട്ടി, ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, പി പി ജമീല, ഒ കെ ബേബി ശങ്കര്‍, ഇ ജയന്‍, എ പി സുബ്രഹ്മണ്യന്‍, ഹംസു മേപ്പുറത്ത്, പി അലി എന്നിവര്‍ സംസാരിച്ചു.

ബസ്സ്റ്റാന്റ് ശിലാസ്ഥാപനം കോണ്‍ഗ്രസ് താനൂര്‍ മണ്ഡലം കമ്മിറ്റി ബഹിഷ്‌ക്കരിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ബസ്സ്റ്റാന്റ് പദ്ധതി സുതാര്യമല്ലാത്തതിനാലും മുന്നണി മര്യാദകള്‍ കാറ്റില്‍ പറത്തുന്ന ലീഗ് നിലപാടില്‍ പ്രതിഷേധിച്ചുമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പരിപാടി ബഹിഷ്‌ക്കരിച്ചത്.

സ്വകാര്യ മേഖലയില്‍ പദ്ധതി വരുന്നത് പൊതുജനങ്ങള്‍ക്ക് ഗുണം ചെയ്യില്ല. മാത്രമല്ല നിലവിലുള്ള ബസ്സ്റ്റാന്റ് സംവിധാനങ്ങള്‍ വിപുലപ്പെടുത്തി സജ്ജീകരിക്കാവുന്നതുമാണ്. ഇത് മറി കടന്നാണ് നിക്ഷിപ്ത താല്‍പര്യം മുന്‍നിര്‍ത്തി ഒരു സംഘം സ്വകാര്യ മേഖലയിലേക്ക് കാര്യങ്ങള്‍ വലിച്ചിഴച്ചെതെന്ന് നേതാക്കള്‍ ആരോപിച്ചു. താനൂര്‍ പഞ്ചായത്തിന്റെ ഒത്താശയോട് കൂടി പ്രവര്‍ത്തിക്കുന്ന താനൂരിലെ സ്വകാര്യ മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ ഒരു യാഥാര്‍ത്ഥ്യമായി അവശേഷിക്കുകയാണ്. ലോകസഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ മുന്നണി ഐക്യം ഊട്ടി ഉറപ്പിക്കണമെന്ന് പ്രസ്താവനകള്‍ ഇറക്കുകയും, പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് അപലപനീയമാണ്. എന്നാല്‍ പദ്ധതി സ്വകാര്യ മേഖലയിലായതിനാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം വിട്ടുനിന്നതെന്നും പറയപ്പെടുന്നു.