താനൂര്‍ പഞ്ചായത്ത് വസ്തു നികുതി പരിഷ്‌ക്കരണം അശാസ്ത്രീയമെന്ന് ആക്ഷേപം

താനൂര്‍: താനൂര്‍ ഗ്രാമപഞ്ചായത്ത് ഈ മാസം ഒന്നുമുതല്‍ പുതിയ വ്‌സതുനികുതി പ്രകാരം പാര്‍പ്പിട ആവശ്യത്തിന് ചെറിയ വീട് അടക്കം ചതുരശ്ര മീറ്ററിന് 4 രൂപ നിശ്ചയിച്ചത് പുനപരിശോധിക്കണമെന്ന് ആവശ്യമുയരുന്നു.

 

കേരളത്തിലെ മിക്ക പഞ്ചായത്തിലും 3 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. തീരദേശ മേഖലയായ താനൂരില്‍ മത്സ്യതൊഴിലാളികളടക്കമുള്ള സാധാരണക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കേരള പഞ്ചായത്തീരാജ് വസ്തു നികുതിയും സേവന ഉപനികുതിയും ചട്ടങ്ങളും അനുസരിച്ച് പൊതുജനങ്ങളുടെ പരാതി സ്വീകരിച്ച ശേഷം തീര്‍പ്പ് കല്‍പ്പിച്ച് വേണം പരിഷ്‌ക്കരണം നടപ്പിലാക്കാന്‍. നികുതി പരിഷ്‌ക്കണവുമായി ബന്ധപ്പെട്ട് നോട്ടീസ്, മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നടത്തുന്നതിലും പഞ്ചായത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്.

 

നികുതി പരിഷ്‌ക്കരണം നിയമവിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുമെന്നും നാഷണല്‍ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ സെക്രട്ടറി എ കെ സിറാജ് യോഗം ഉദ്ഘാടനം ചെയ്തു. എ പി ബഷീര്‍ അധ്യക്ഷത വഹിച്ചു.