താനൂര്‍ പഞ്ചായത്ത് ബസ്സ്റ്റാന്റ് ശിലാസ്ഥാപനം നാളെ

താനൂര്‍: താനൂര്‍ ഗ്രാമപഞ്ചായത്ത് പുതുതായി നിര്‍മിക്കുന്ന ബസ്സ്റ്റാന്റിന്റെ ശിലാസ്ഥാപനം നാളെ നടക്കും. വൈകുന്നേരം 4 മണിക്ക് വ്യവസായ-ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ശിലാസ്ഥാപനം നിര്‍വഹിക്കും.

 

സ്വകാര്യ പങ്കാളിത്തത്തോടെയാണ് പഞ്ചായത്ത് ബസ്സ്റ്റാന്റ് നിര്‍മാണത്തിന് ഒരുങ്ങുന്നത്. ഇതിനായി സ്വകാര്യ വ്യക്തിയില്‍ നിന്നും 60 സെന്റ് ഭൂമി 50 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുകയാണ്. ബസ്സ്റ്റാന്റില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണമായും പഞ്ചായത്തിന് ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പരിപാടിയില്‍ അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ അധ്യക്ഷത വഹിക്കും.

 
ചടങ്ങില്‍ പഞ്ചായത്തിന്റെ ജൈവ വൈവിധ്യ രജിസ്റ്റര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെരീഫ തൊട്ടിയില്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി അഷ്‌റഫ്, സെക്രട്ടറി സി കെ ഷറഫുദ്ദീന്‍, ഒ കെ ബേബി ശങ്കര്‍, സി മുഹമ്മദ് അഷ്‌റഫ്, കെ പ്രഭാകരന്‍ പങ്കെടുത്തു.