താനൂര്‍ തീരദേശത്ത് റോഡ് നിര്‍മ്മാണത്തിന് 1.80 കോടിയുടെ ഭരണാനുമതിയായി

താനൂര്‍: താനൂര്‍ തീരദേശത്ത് റോഡ് നിര്‍മ്മിക്കാന്‍ 1.80 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. സംസ്ഥാന ഫിഷറീസ്-തുറമുഖ വകുപ്പാണ് താനൂര്‍ പഞ്ചായത്തിലെ തീര മേഖലയില്‍റോഡ് നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. താനൂര്‍ നിയോജക മണ്ഡലം എം.എല്‍.എ. അബ്ദുറഹിമാന്‍ രണ്ടത്താണിയാണ് ഇക്കാര്യം അറിയിച്ചത്.

 

റോഡ് നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കി ഈ മാസം 9ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. താനൂര്‍ കടലോരത്തെ പ്രധാനപ്പെട്ട 5 റോഡുകളാണ് ഈ തുക ഉപയോഗിച്ച് നിര്‍മ്മിക്കുക. തീരദേശ ഹൈവയും ചമ്രവട്ടംപാലവും തുറക്കുന്നതോടെ തീരദേശ റോഡുകളില്‍ തിരക്ക് വര്‍ധിക്കും. ഇത് മറികടക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ചെറിയ റോഡുകള്‍ വഴി സാധിക്കുമെന്നാണ് കരുതുന്നത്. കനോലി കനാലിന്റെ അരികിലൂടെ നിര്‍മ്മിക്കുന്ന റോഡാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്.

 

പുതിയ കടപ്പുറം അഞ്ചുടി കനോലി കനാല്‍ റോഡിന് 77 ലക്ഷം രൂപ അനുവദിച്ചു. ഒട്ടുംപുറം റോഡിന് 35 ലക്ഷം, ഒസ്സാന്‍കടപ്പുറം തുറമുഖ റോഡിന് 16.50 ലക്ഷം, അഞ്ചുടി കടപ്പുറം റോഡിന് 13.50 ലക്ഷം, പരിയാപുരം കുരിക്കള്‍ റോഡിന് 38 ലക്ഷം എന്നിവയാണ് ഭരണാനുമതി ലഭിച്ച മറ്റു റോഡുകള്‍. പരിയാപുരം കുരിക്കള്‍ റോഡിന് 38 ലക്ഷം അനുവദിച്ചത് ഒറ്റപ്പെട്ടുകിടക്കുന്ന പരിയാപുരം മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.