താനൂര്‍ തീരം ഇളക്കി മറിച്ച്‌ ഇടതിന്റെ കൊട്ടിക്കലാശം

TANUR LDFതാനൂര്‍: പ്രചാരണത്തിലൂടനീളം പുലര്‍ത്തിയ മുന്‍തൂക്കം കൊട്ടിക്കലാശ ദിവസവും തുടര്‍ന്ന ഇടതുമുന്നണി ചരിത്രം കുറിച്ചാണ്‌ താനൂരില്‍ പ്രചാരണം അവസാനിപ്പിച്ചത്‌. മണ്ഡലം നാളിതുവരെ കണ്ടിട്ടില്ലാത്ത ജനപങ്കാളിത്തവുമായി മണ്ഡലത്തിന്റെ തീരപാതകളിലൂടെ സംഘടിപ്പിച്ച റോഡ്‌ഷോ കാഴ്‌ചക്കാരില്‍ ആവേശം സൃഷ്‌ടിക്കുന്നതായി.
രാവിലെ ഒട്ടുംപുറത്ത്‌ നിന്നാരംഭിച്ച റാലി സമാപിച്ചത്‌ ഉണ്ണ്യാലില്‍ ആണ്‌. കടുത്തവേനല്‍ ചൂടിലും വാഹനങ്ങളിലും നിരത്തിലുമായി കുട്ടികളും, സ്‌ത്രീകളും, വയോധികരും ഉള്‍പ്പെടെയുള്ള ആയിരങ്ങളാണ്‌ റോഡ്‌ഷോയുടെ ഭാഗമായത്‌.
ലീഗിനോട്‌ അകന്ന്‌ നില്‍ക്കുന്ന മലപ്പുറത്തെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും റോഡ്‌ഷോയില്‍ അണിനിരന്നു. കോണ്‍ഗ്രസ്‌ പതാകകളുമായി ഇടതുസ്ഥാനാര്‍ഥിക്ക്‌ പിന്തുണയുമായി എത്തിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ റോഡ്‌ഷോയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറി.
തീരമിളക്കി ഉണ്ണ്യാലില്‍ റോഡ്‌ ഷോ സമാപിക്കുമ്പോള്‍ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ്‌ ഗതി ഏറെക്കുറെ വ്യക്തം. താനൂരിലെ പ്രവര്‍ത്തകരെ മാത്രം അണിനിരത്തിയാണ്‌ പ്രചാരണ സമാപന ദിവസം നാടിളക്കി ഇടതുമുന്നണി റാലി സംഘടിപ്പിച്ചത്‌. വി അബ്‌ദുറഹിമാന്റെ വിജയമുറപ്പിക്കാനായി നടത്തിയ റാലിയില്‍ അണിനിരന്നത്‌ ആയിരത്തോളം വാഹനങ്ങള്‍. ഒരു പ്രദേശത്ത്‌ നിന്നും മറ്റൊരു കേന്ദ്രത്തിലേക്കെത്താന്‍ എടുത്തത്‌ മണിക്കൂറുകള്‍. റോഡിനിരുവശത്തും നിരന്ന ജനം പലയിടങ്ങളിലും റോഡിലേക്കിറങ്ങി അഭിവാദ്യമര്‍പ്പിച്ചു. കുട്ടികളുടെ സാന്നിധ്യവും ആവേശമുണര്‍ത്തുന്നതായി. പ്രചാരണ മുഖത്ത്‌ ഉടനീളം പുലര്‍ത്തിയ ആധിപത്യം ഉറപ്പിക്കുന്നതായിരുന്നു സമാപന ദിനത്തിലെ റോഡ്‌ ഷോ.