താനൂര്‍ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു

താനൂര്‍: താനൂര്‍ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. ഒട്ടുംപുറം ഫാറൂഖ് പള്ളിക്ക് സമീപം കടല്‍ക്കരയിലാണ് ജീര്‍ണാവസ്ഥയിലുള്ള മൃതദേഹം കരക്കടിഞ്ഞത്.  വൈകുന്നേരം 4.30ഓടെയാണ് മത്സ്യതൊഴിലാളികള്‍ കരയോട് ചേര്‍ന്ന് കടലില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് കരക്കെത്തിക്കുകയായിരുന്നു.

 

ശരീരം പൂര്‍ണമായും ജീര്‍ണിച്ച നിലയിലാണ്. കൈകാലുകളുടെ അസ്ഥിയും തലയോട്ടിയും പുറത്തുകാണുന്നുണ്ട്. ഇരു കൈപ്പത്തികളും കാല്‍പ്പാദങ്ങളും വേര്‍പ്പെട്ടുപോയിട്ടുണ്ട്. അടിവസ്ത്രം മാത്രമാണ് ശരീരത്തിലുള്ളത്. മൃതദേഹം പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.

 

താനൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സംഭവമറിഞ്ഞ് വന്‍ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയത്.