താനൂരില്‍ സിനിമാ തിയേറ്ററില്‍ സംഘര്‍ഷം; പോലീസ് ലാത്തിവീശി

താനൂര്‍: സിനിമാ തിയേറ്ററില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. പി വി എസ് പാരഡൈസ് തിയേറ്റിലാണ് സെക്കന്റ് ഷോയുമായി ബന്ധപ്പെട്ട് രാത്രി 9 മണിയോടെയാണ് അക്രമം നടന്നത്.

 

വരി നിന്നവരെ കബളിപ്പിച്ച് ടിക്കറ്റ് വേണ്ടപ്പെട്ടവര്‍ക്ക് കൈമാറിയെന്നാരോപിച്ച് തുടങ്ങിയ ബഹളം ജീവനക്കാരെ കൈയേറ്റം ചെയ്യുന്നത് വരെയെത്തി. പുതിയ സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. മണിക്കൂറുകളോളം വരി നിന്നവരെ പരിഗണിക്കാത മറ്റുചിലര്‍ക്ക് ടിക്കറ്റ് നല്‍കുകയായിരുന്നു എന്നാണ് ആക്ഷേപം.

 

സംഘര്‍ഷത്തെ തുടര്‍ന്ന് തിയേറ്ററിന്റെ കവാടത്തിലേക്കുള്ള ലൈറ്റുകളും മറ്റും എറിഞ്ഞുടച്ചിട്ടുണ്ട്. തിരക്കുമൂലം സ്ഥലത്ത് മൂന്ന് പോലീസുകാര്‍ ക്യാമ്പ് ചെയ്തിരുന്നെങ്കിലും അമ്പതോളം വരുന്ന സംഘം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. തുടര്‍ന്ന് പോലീസ് ലാത്തിവീശിയതിനെ തുടര്‍ന്നാണ് അക്രമി സംഘം പിരിഞ്ഞുപോയത്.