താനൂരില്‍ ഭൂമി തട്ടിയെടുക്കുന്ന സംഘം വിലസുന്നതായി പരാതി

താനൂര്‍: താനൂരിന്റെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ പൂര്‍വിക സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിച്ച് വ്യാജരേഖകളുണ്ടാക്കി ഭൂമി തട്ടിയെടുക്കുന്ന ഒരുസംഘം വിലസുന്നതായിപരാതി. തീരപ്രദേശമായ ഒട്ടുംപുറം, എളാരം കടപ്പുറം, എടക്കടപ്പുറം, വാഴക്കതെരുവ് അങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ വലിയതോതില്‍ ഈ സംഘം തട്ടിപ്പ് നടത്തിയതായി കാണിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി ജി പി, എസ് പി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കാണ് താനൂര്‍ നിവാസികള്‍ പരാതി നല്‍കിയത്.

ഭൂരേഖകളെ കുറിച്ച് വേണ്ടത്ര പരിജ്ഞാനമില്ലാത്ത മത്സ്യതൊഴിലാളികളുടെ അനന്തര സ്വത്തുക്കളാണ് ഈ സംഘം തട്ടിയെടുക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
പ്രദേശങ്ങളിലെ മിക്ക ആധാരങ്ങളിലും സര്‍വ്വേ നമ്പര്‍ തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യം മുതലെടുത്ത് സര്‍വ്വേ നമ്പര്‍ ശരിയാക്കി ചേര്‍ക്കാം എന്നു പറഞ്ഞ് ആധാരങ്ങള്‍ കൈപ്പറ്റിയ ശേഷം ഈ സംഘം ദുരുപയോഗം ചെയ്യുകയാണെന്നും പരാതിയില്‍ പറയുന്നു. കൂടാതെ പഞ്ചായത്ത്, വില്ലേജ്, രജിസ്ട്രാഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പട്ടയം, നികുതി ശീട്ട്, ഓണര്‍ഷിപ്പ്, മറ്റ് രേഖകള്‍ കൈവശപ്പെടുത്തുകയും ചെയ്യുന്നുണ്ടത്രേ. ഈ സംഘത്തിന്റെ വിളയാട്ടം അവസാനിപ്പിക്കണമെന്നും തീരപ്രദേശത്തെ സാധാരണക്കാരായവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.