താനൂരില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാര്‍ത്ഥിമരിച്ചു.

താനൂര്‍: ഇന്ന് പുലര്‍ച്ചെ താനൂര്‍ ചിറക്കലില്‍ വെച്ച് അമിതവേഗതയിലെത്തിയ ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. താനൂര്‍ മാട്ടുമ്മല്‍ അനില്‍കുമാറിന്റെ മകന്‍ അനന്തു കൃഷ്ണന്‍(11)ആണ് മരിച്ചത്.

താനൂര്‍ ചിറക്കല്‍ കുളത്തിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടക്കുകയായിരുന്ന അനന്തുകൃഷ്ണന്റെയും കുടുംബാംഗങ്ങളും അടങ്ങിയ സംഘത്തിനിടയിലേക്ക് ഓട്ടോ പാഞ്ഞു കയറുകയായിരുന്നു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന അനന്തുവിന്റെ പിതൃസഹോദരന്‍ മധുസൂദനനെ (34) സാരമായപരിക്കുകളോടെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ നന്ദകിഷോര്‍(14)നെ താനൂര്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അനന്തുവിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. പിതാവ് വിദേശത്തുനിന്ന് എത്തിയ ശേഷം നാളെ വീട്ടു വളപ്പില്‍ സംസ്‌ക്കാരം നടക്കും. മാതാവ്: ബീന. സഹോദരന്‍: അഭിജിത്ത്.

അപകടമുണ്ടായിട്ടും നിര്‍ത്താതെ പോയ ഗുഡ്‌സ് ഓട്ടോ പോലീസ് പിടിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് തിരൂര്‍-കോഴിക്കോട് തീരദേശ പാത വൈകീട്ട് നാട്ടുകാര്‍ ഉപരോധിച്ചു.