താനൂരില്‍ അനധികൃത കുന്നിടിക്കല്‍;വീട്‌ അപകാടാവസ്ഥയില്‍

tanur copyതാനൂര്‍: ഒഴൂര്‍ പാറപ്പാറപ്പുറത്ത്‌ അനധികൃത കുന്നിടിക്കല്‍ മൂലം സമീപത്തെ വീട്‌ അപകടാവസ്ഥയില്‍. പോതിക്കുന്ന്‌ ഇടിച്ച്‌ മണ്ണെടുക്കുന്നതാണ്‌ വീടിന്‌ ഭീഷണയായിരിക്കുന്നത്‌. മണ്ണില്‍ ഹസ്സന്‍ ഫൈസിയുടെ വീടാണ്‌ അപകടാവസ്ഥയിലുള്ളത്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ ഇവിടെ കുന്നിടിക്കല്‍ ആരംഭിച്ചിട്ടുണ്ട്‌. പലഘട്ടങ്ങളിലായി നിയമം മൂലവും അല്ലാതെയും തടയപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അധികാരികളുടെ മൗനാനുവാദത്തോടെ മണ്ണെടുപ്പ്‌ വീണ്ടും ആരംഭിച്ചു. ജെസിബി ഉപയോഗിച്ചുള്ള മണ്ണെടുപ്പു മൂലം ഒരു കുന്ന്‌ പൂര്‍ണായും ഇല്ലാതായിട്ടുണ്ട്‌. നാട്ടുകാരുടെ നടവഴിപോലും നശിപ്പിക്കപ്പെട്ടു. പ്രദേശത്ത്‌ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്‌. ഇതിന്‌ പുറമെയാണ്‌ വീട്‌ അപകടാവസ്ഥയിലായിരിക്കുന്നത്‌.

നേരത്തെ രാത്രി കാലങ്ങളിലായിരുന്നു മണ്ണെടുപ്പ്‌. ഓണത്തിന്റെ അവധി മുതലെടുത്ത്‌ പകലും മണ്ണെടുപ്പ്‌ സജീവമായി. തുടര്‍ന്ന്‌ നാട്ടുകാര്‍ റവന്യു അധികാരികള്‍ക്ക്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ കഴിഞ്ഞ ദിവസം കുന്നിടിക്കല്‍ തടഞ്ഞു.

തുടര്‍ന്ന്‌ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. കുന്നിടിക്കല്‍ വീണ്ടും തുടര്‍ന്നാല്‍ ശക്തമായി ഉപരോധിക്കുമെന്ന്‌ ഡിവൈഎഫ്‌ഐയും നാട്ടുകാരും മുന്നറിയിപ്പ്‌ നല്‍കി. ഹസ്സന്‍ ഫൈസയുടെ വീടിന്റെ ഒരു വശത്ത്‌ രണ്ട്‌ മീറ്റര്‍ മാത്രം വ്യത്യാസത്തില്‍ കുഴിയാണ്‌. അപകട ഭീതി ഉള്ളതിനാല്‍ കുട്ടികളെ പുറത്തിറക്കാന്‍ പോലും ഭയപ്പെടുകയാണ്‌. അപകടാവസ്ഥ ബോധ്യപ്പെട്ടിട്ടും അധികാരികള്‍ കര്‍ശന നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.