താനൂരിലെ കോളേജ് സ്വകാര്യമേഖലയിലേക്ക്; പ്രതിഷേധം വ്യാപകമാകുന്നു

താനൂര്‍: താനൂരില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച കോളേജ് സ്വകാര്യ മേഖലയിലാക്കാനുള്ള നീക്കം സജീവമാകുന്നു. സര്‍ക്കാര്‍ കേളേജ് ആരംഭിക്കുന്നതിന് ഭൂമി ലഭ്യമല്ലെന്ന വാദമുയര്‍ത്തിയാണ് സ്വകാര്യമേഖലയില്‍ സ്വാശ്രയ കോളേജ് ആരംഭിക്കാന്‍ ശക്തമായ ചരടുവലികള്‍ ആരംഭിച്ചിരിക്കുന്നത്
.
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഏറെയുള്ള താനൂരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളേജ് എന്ന തീരദേശത്തിന്റെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചാണ് പുതിയ രാഷ്ട്രീയ നീക്കമാരംഭിച്ചത്. സ്ഥലമേറ്റെടുക്കലിന്റെ സാങ്കേതിക പ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതയും കണക്കിലെടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നറിയുന്നു. പ്രശ്‌ന പരിഹാരത്തിന് സര്‍വ്വ കക്ഷിയോഗം വിളിക്കുമെന്ന് എം എല്‍ എ പലപ്പോഴായി അറിയിച്ചിരുന്നെങ്കിലും വിഷയം അനന്തമായി നീളുകയായിരുന്നു. താനൂരില്‍ കോളേജ് എന്ന വിഷയം ചര്‍ച്ചയായപ്പോള്‍ ചില സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കോളേജ് ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. ഇത് ഉന്നതരുടെ ഒത്താശയോടെയുള്ള ആസൂത്രണമായിരുന്നെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

കോളേജ് വിഷയത്തില്‍ വിദ്യാര്‍ഥി സംഘടനകളും മുസ്‌ലിം ലീഗും പരസ്യമായി ആരോപണ പ്രത്യാരോപണവുമായി ഇപ്പോഴും രംഗത്തുണ്ട്. കോളേജ് സ്വകാര്യ മേഖലയിലേക്ക് നല്‍കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് ഡി വൈ എഫ് ഐ താനൂര്‍ ബ്ലോക്ക് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ എം എല്‍ എയാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. ഇത് സാധാരണക്കാരയവര്‍ തിരിച്ചറിയണമെന്നും ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറാവണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. അതേസമയം താനൂരിന്റെ എക്കാലത്തെയും സ്വപ്നപദ്ധതി സ്വകാര്യ മേഖലയിലേക്ക് പറിച്ചു നടുന്നത് കച്ചവട താല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന ആരോപണം ശക്തമാണ്.