താനൂരിന് അക്ഷരവെളിച്ചം പകര്‍ന്ന പരമേശ്വരന്‍ മാസ്റ്ററുടെ 13-ാം ചരമവാര്‍ഷികം

താനൂര്‍: താനൂരിന്റെ സാംസ്‌കാരിക സാഹിത്യരംഗത്ത് നിറഞ്ഞുനിന്ന് അക്ഷരവെളിച്ചം പകര്‍ന്ന താനൂര്‍ സഞ്ചാരഗ്രന്ഥാലയം അറുപതാം വാര്‍ഷിഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടന്നു. . സഞ്ചാര ഗ്രന്ഥാലയത്തിന് നാന്ദി കുറിച്ചത് സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായ പരമേശ്വരന്‍ മാസ്റ്ററാണ്. അദ്ദേഹത്തിന്റെ നിതാന്തമായ അദ്ധ്വാനത്തിന്റെ സാക്ഷാത്കാരമാണ് ഗ്രന്ഥാലയത്തിന്റെ എല്ലാ വളര്‍ച്ചക്കും കാരണമായത്.
1937-38 കാലഘട്ടത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പരമേശ്വരന്‍ മാസ്റ്റര്‍ സാമൂഹ്യപ്രവര്‍ത്തകനായ വി ആര്‍ നായനാരുടെ നിര്‍ദേശ പ്രകാരം 14-ാം വയസ്സുമുതല്‍ ഖാദി പ്രചാരണത്തിനിറങ്ങി. കോളറ പടര്‍ന്നുപിടിച്ച് നാടാകെ ഭീതിയിലായിരുന്ന ഘട്ടത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിത്തം വഹിച്ച മാസ്റ്റര്‍ അശരണരായവര്‍ക്ക് പ്രിയപ്പെട്ടവനായി. പുസ്തകപ്രേമിയായിരുന്ന പരമേശ്വരന്‍ മാസ്റ്റര്‍ ഒരു തോള്‍സഞ്ചി നിറയെ പുസ്തകവുമായി വായന പരിപോഷിക്കുന്നതിനു വേണ്ടി തിരൂര്‍, കോഴിച്ചെന, പൊന്നാനി, തിരൂരങ്ങാടി, പരപ്പനങ്ങാടി, വേങ്ങര എന്നിവിടങ്ങളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടെ ഒരുഗ്രന്ഥാലയം എന്ന ആശയം മനസ്സിലുദിച്ചു. അതേതുടര്‍ന്ന് സ്വന്തമായി നടത്തിയിരുന്ന ഒരു കടയില്‍ പുസ്തക ശേഖരണവും വിതരണവും തുടങ്ങി. താനൂര്‍ സഞ്ചാരഗ്രന്ഥാലയം എന്ന നാമകരണം നല്‍കി 1951 ജൂണ്‍ 2ന് രജിസ്റ്റര്‍ ചെയ്തു. പരമേശ്വരന്‍ മാസ്റ്റര്‍ 9 പുസ്തകങ്ങളില്‍ തുടങ്ങിയ ഗ്രന്ഥശാല ഇന്ന് 21,000ല്‍പരം പുസ്തകങ്ങള്‍ ഉള്ള മഹാപ്രസ്ഥാനമായിരൂപപ്പെട്ടിരിക്കുന്നു. ലഭ്യമായ പുസ്തങ്ങളെല്ലാം ബാലവിഭാഗം, റഫറന്‍സ് വിഭാഗം, ചരിത്രം, കൃഷി കോര്‍ണര്‍, വന വിഭാഗം തുടങ്ങിയ വിവിധ മേഖലകളായി തരംതിരിച്ച് ഓരോഘട്ടത്തിലും മാസ്റ്റര്‍ വായനക്കു യോജിച്ചരീതിയില്‍ ക്രമീകരിച്ചു.
ഈ പ്രവര്‍ത്തനങ്ങളെപറ്റി അറിഞ്ഞ പി എന്‍ പണിക്കര്‍ പരമേശ്വരന്‍ മാസ്റ്ററെതേടിയെത്തി. ഇത് ഒരുവഴിത്തിരിവായിരുന്നു. ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും തിരൂര്‍ താലൂക്കില്‍ 40ഓളം ഗ്രന്ഥശാലകള്‍ ആരംഭിക്കുന്നതിനും വഴിതെളിച്ചു. ഇതിനിടയില്‍ തന്നെ കലാ, സാംസ്‌കാരിക വിദ്യാഭ്യാസരംഗത്തും സാക്ഷരതാ പ്രസ്ഥാനം പരിപോഷിപ്പിക്കുന്നതിലും മാസ്റ്റര്‍ മുന്നില്‍ നിന്നു നയിച്ചു. 2000 ജനുവരി 15-ാം തിയ്യതി താനൂരിന്റെ സാസ്‌കാരിക ദൗത്യമേറ്റെടുത്ത പരമേശ്വരന്‍ മാസ്റ്റര്‍ എന്നന്നേക്കുമായി വിടവാങ്ങി. ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിന് അവിരാമം പരിശ്രമിച്ച പരമേശ്വരന്‍ മാസ്റ്റര്‍ക്ക് പ്രഥമ പി എന്‍ പണിക്കര്‍ പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.