താനാളൂര്‍ വീണ്ടും സംഘര്‍ഷ ഭൂമിയാകുന്നു

അക്രമികള്‍ തകര്‍ത്ത സി പി എം പ്രവര്‍ത്തകന്റെ ഓട്ടോ

താനൂര്‍: താനാളൂര്‍ വീണ്ടും സംഘര്‍ഷ ഭൂമിയാകുന്നു. സി പി എമ്മിന്റെ പ്രചാരണ ബോര്‍ഡുകളും കൊടിമരങ്ങളുമാണ് കഴിഞ്ഞ ദിവസം വ്യാപകമായി നശിപ്പിക്കപ്പെട്ടത്. സി പി എം പ്രവര്‍ത്തകന്റെ ഓട്ടോ റിക്ഷയും തകര്‍ക്കപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് താനാളൂരിലെയും പരിസര പ്രദേശങ്ങളിലും കൊടിമരങ്ങളും പ്രചാരണ ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടത്. കോളനി റോഡ്, പരേങ്ങത്ത്, താനാളൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചവയാണ് അക്രമികള്‍ നശിപ്പിച്ചത്. സി പി എം പ്രവര്‍ത്തകനായ പരേങ്ങത്ത് തൊട്ടിയില്‍ റഷീദിന്റെ ഓട്ടോറിക്ഷയും നശിപ്പിക്കപ്പെട്ടു. ഒരാഴ്ച മുമ്പും സമാനമായ അക്രമസംഭവങ്ങള്‍ പകല്‍സമയങ്ങളിലും അരങ്ങേറിയിരുന്നു. പരാതി നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം. ഓട്ടോ റിക്ഷക്ക് നേരെ അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് ഓട്ടോതൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി.