താനാളൂരില്‍ ലീഗ് സിപിഎം സംഘര്‍ഷം: ഒരാളുടെ നില ഗുരുതരം.

താനാളൂര്‍: ഇന്ന് രാവിലെ താനാളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍വെച്ച് ഉണ്ടായ നിസാര തര്‍ക്കം സിപിഎം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴിമാറി. തുടര്‍ന്നുണ്ടായ കൂട്ടത്തല്ലില്‍ സിപിഐഎം പ്രവര്‍ത്തകനായ വലിയപറമ്പില്‍ സാദിഖ്‌ലി(30)ന് വാഹനത്തിന്റെ ലിവറുകൊണ്ടുള്ള അടിയേറ്റ് തലക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ മുള്ളമഠത്തില്‍ കാസിം, കുന്നപ്പള്ളി സെമീര്‍(26), മുഹമദ് കാസിം(20) എന്നിവരെ തിരൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇനിയും നിരവധി പേര്‍ക്ക് പരിക്കുണ്ടെന്നാണ് സൂചന.

സ്ഥലത്ത് താനൂര്‍ സിഐ സന്തോഷിന്റെ നേതൃത്വത്തില്‍ തിരൂര്‍, താനൂര്‍, കല്‍പകഞ്ചേരി സ്റ്റേഷനുകളിലെ പോലീസുകാരടക്കം വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതുവരെ താനാളൂര്‍ മേഖലയില്‍ സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല.