താനാളൂരില്‍ പോലീസ് നിഷ്‌ക്രിയമെന്ന് ആക്ഷേപം

കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ട താനാളൂര്‍ പഞ്ചായത്തോഫീസിന്റെ ജനല്‍ചില്ലുകള്‍)

താനൂര്‍: തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയ താനാളൂരില്‍ പോലീസിന്റെ നിഷ്‌ക്രിയ നിലപാട് അക്രമികള്‍ മുതലെടുക്കുന്നതായി ആക്ഷേപം. കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് പോലീസ് സാന്നിധ്യത്തിലും ശമനമുണ്ടാകാത്തതാണ് പ്രതിഷേധങ്ങള്‍ക്ക് വെഴിവെച്ചിരിക്കുന്നത്. താനാളൂര്‍ ടൗണ്‍, പരേങ്ങത്ത്, കോളനി റോഡ് എന്നിവിടങ്ങളിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നത്. 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സി പി എം താനാളൂര്‍ ലോക്കല്‍ കമ്മിറ്റി സ്ഥാപിച്ച സ്തൂപങ്ങളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നടപടിയില്ലാത്തത് ഓട്ടോറിക്ഷ തകര്‍ക്കുന്നതിന് കാരണമായി. ഇതിനിടെ താനാളൂര്‍ ലോക്കല്‍ സെക്രട്ടറി വി അബ്ദുല്‍ റസാഖിന്റെ ബൈക്ക് അക്രമികള്‍ അഗ്നിക്കിരയാക്കി. കൂടാതെ പോലീസ് ബന്തവസിനിടെ കഴിഞ്ഞ ദിവസം രാത്രി താനാളൂര്‍ പഞ്ചായത്തോഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു.
ഈ സംഭവങ്ങളെല്ലാമുണ്ടായിട്ടും ഒരാളെയും കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ലെന്ന് സി പി എം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അതേസമയം സി പി എം പ്രവര്‍ത്തകരെ അക്രമിച്ച് ഓടുന്നതിനിടയില്‍ പരിക്കുപറ്റിയ ലീഗ് പ്രവര്‍ത്തകന്റെ പരാതിയില്‍ പോലീസ് നടപടിക്ക് മുതിര്‍ന്നത് പ്രതിഷേധാര്‍ഹമാണ്. ഭരണ കക്ഷിയുടെ പങ്ക് പറ്റി പോലീസ് നടത്തുന്ന നീക്കം അപലപനീയമാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ പി അബ്ദുല്‍ സമദ്, വി അബ്ദു റസാഖ്, കെ ടി എസ് ബാബു, പി രാജേഷ് പങ്കെടുത്തു.