താനാളൂരില്‍ ആര്യാടനെതിരെ പോസ്റ്ററുകള്‍ സജീവം

താനൂര്‍: താനാളൂരില്‍ മന്ത്രി ആര്യാടനെതിരെ എസ് കെ എസ് എസ് എസ് എഫ് പ്രവര്‍ത്തരുടെ പോസ്റ്ററുകള്‍ സജീവം. പ്രസ്താവനാ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെയാണ് ആര്യാടന്റെ വരവ് കാത്ത് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് നയിക്കുന്ന യുവജന യാത്രയുടെ താനാളൂരിലെ സ്വീകരണ യോഗത്തില്‍ ആര്യാടന്‍ മുഹമ്മദ് പ്രസംഗിക്കുമെന്ന് കിംവദന്തി പ്രചരിച്ചിരുന്നു. ഇത് പ്രതീക്ഷിച്ചാണ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പ്രചാരണത്തില്‍ വ്യാപൃതരായത്.

സാമുദായിക സന്തുലനം തകരാതിരിക്കട്ടെ എന്ന തലക്കെട്ടോടെയാണ് താനാളൂര്‍ അങ്ങാടിയില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സമസ്ത രാഷ്ട്രീയം പറയുകയോ രാഷ്ട്രീയത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ലെന്ന് പോസ്റ്ററില്‍ പറയുന്നു.
എന്നാല്‍ മുസ്‌ലിം നാമധാരിയും നിരീശ്വരവാദിയുമായ ആര്യാടന്‍ സമുദായത്തിന്റെ മറവില്‍ മന്ത്രികസേരയില്‍ ഇരിക്കുമ്പോള്‍ സമുദായത്തിലെ ആധികാരിക സംഘടനയായ സമസ്തക്ക് പ്രതികരിക്കാതിരിക്കാനാവില്ല. ഇതിന്റെ പേരില്‍ തങ്ങളുടെ മേല്‍ കുതിര കയറിയിട്ട് കാര്യമില്ലെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ ആര്യാടന്‍ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധനാകണമെന്നും പോസ്റ്റര്‍ ആവശ്യപ്പെടുന്നു. എസ് കെ എസ് എസ് എഫ് താനാളൂര്‍ ശാഖയുടെ പേരിലാണ് താനാളൂരിലെ വിവിധ കേന്ദ്രങ്ങളില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.