തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ്‌ ഒക്ടോബര്‍ രണ്ടാംവാരം

aruvikkara-electionതിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ ഒക്ടോബര്‍ രണ്ടാംവാരം നടക്കും. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ അതിവേഗം പുരോഗമിക്കുകയാണ്‌. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സപ്‌തംബര്‍ രണ്ടാംവാരം സംസ്ഥാന വോട്ടെടുപ്പിനുള്ള തിയ്യതികള്‍ പ്രഖ്യാപിക്കും. രാജ്യത്താദ്യമായി ത്രിതല പഞ്ചായത്തുകളില്‍ വോട്ടിങ്‌ യന്ത്രം ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പാണിത്‌.

വാര്‍ഡ്‌ പുനര്‍വിഭജനം, വോട്ടര്‍പ്പട്ടിക തയ്യാറാക്കല്‍ എന്നിവ അന്തിമഘട്ടത്തിലാണ്‌. അതെസമയം ഇത്തരം വാര്‍ഡുകള്‍ വിഭജിച്ചും കൂട്ടിച്ചേര്‍ത്തും പുതിയ പഞ്ചായത്തുകളും നഗരസഭകളും രൂപീകരിച്ചതിനെതിരെ നൂറോളം കേസുകള്‍ ഹൈക്കോടതിയിലുണ്ട്‌. ജൂലൈ 15 ഓടെ ഈ കേസുകളില്‍ വിധിയുണ്ടാകും. കേസുകളിലെ വിധിയനുസരിച്ചാവും അന്തിമവിഞ്‌ജാപനം.

പഞ്ചായത്ത്‌, ബ്ലോക്‌, ജില്ലാ തലങ്ങളിലേക്ക്‌ ഒരു യന്ത്രത്തില്‍തന്നെ വോട്ടുചെയ്യാം. ഇത്തരത്തിലുള്ള 36,000 യന്ത്രങ്ങള്‍ ജില്ലകളില്‍ എത്തിയിട്ടുണ്ട്‌. ഇത്‌ ഉപയോഗിക്കുന്നതില്‍ ഉദ്യോഗസ്ഥരെയും ജനങ്ങളെയും ബോധവത്‌കരിക്കുന്നതിന്‌ ജൂലൈ 15 ഓടെ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പരിശീലനപരിപാടികള്‍ ആരംഭിക്കും.

വോട്ടര്‍പ്പട്ടികയുടെ കരട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതിലെ തിരുത്തലുകള്‍കൂടി ഉള്‍പ്പെടുത്തി സമഗ്രമായ കരട്‌ പട്ടിക ആഗസ്‌ത്‌ ആദ്യം പ്രസിദ്ധീകരിക്കും. വോട്ടര്‍മാര്‍ക്ക്‌ ഓണ്‍ലൈന്‍ വഴി പേരുകള്‍ ചേര്‍ക്കാനുള്ള അവസരം ഒരുക്കും. നവംബര്‍ ഒന്നിനാണ്‌ തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുക.