തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്‌; നവംബര്‍ 23 അല്ലെങ്കില്‍ 25 നടത്താമെന്ന്‌ സര്‍ക്കാര്‍

elections_b_2_2_2013തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ നവംബര്‍ 23 അല്ലെങ്കില്‍ 25 ന്‌ നടത്താമെന്ന്‌ സര്‍ക്കാര്‍. സെപ്‌റ്റംബര്‍ മൂന്നിന്‌ കേസ്‌ പരിഗണിക്കുമ്പോള്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ്‌ സെക്രട്ടറിയും മന്ത്രിമാരും ചേര്‍ന്ന യോഗത്തിലാണ്‌ വിഷയത്തില്‍ തീരുമാനമായത്‌.

ഇപ്പോഴത്തെ ഭരണസമിതികളുടെ കാലാവധി ഒക്ടോബറില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഒരുമാസം ഇനി തദ്ദേശസ്ഥാപനങ്ങളില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തേണ്ടി വരും. ഡിസംബര്‍ ഒന്നിന്‌ പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കും വിധമാകും തെരഞ്ഞെടുപ്പ്‌ സമയക്രമീകരണം. ഇന്നലെ ചേര്‍ന്ന യുഡിഎഫ്‌ യോഗത്തില്‍ ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചിരുന്നു.

പുതുതുതായി രൂപീകരിച്ച നഗരസഭകളെ ഇനി തിരിച്ച്‌ പഞ്ചായത്തുകളാക്കി മാറ്റാന്‍ സാധിക്കില്ലെന്ന നിലപാടിലാണ്‌ സര്‍ക്കാര്‍. നഗരസഭകളുടെ എണ്ണം കൂട്ടാത്തതിനാല്‍ കേന്ദ്ര സഹായം കുറയുന്ന സ്ഥിതിയാണ്‌. ഇതുവഴി 2000 കോടി രൂപയുടെ കേന്ദ്ര സഹായം സംസ്ഥാനത്തിന്‌ നഷ്ടമായി എന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. തെരഞ്ഞെടുപ്പ്‌ കമ്മീഷനുമായി കൂടിയാലോചിച്ചതിന്‌ ശേഷമായിരിക്കും സര്‍ക്കാര്‍ കോടതിയില്‍ സ്‌ത്യവാങ്‌മൂലം നല്‍കുക.