തദ്ദേശീയ ജനതയുടെ അവകാശ പ്രഖ്യാപനം: സെപ്തംബര്‍ 13ന് വിവിധ പരിപാടികള്‍

മലപ്പുറം: ഐക്യരാഷ്ട്ര സഭ നടത്തിയ തദ്ദേശീയ ജനതയുടെ അവകാശ പ്രഖ്യാപനത്തിന്റെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ 170 പട്ടികവര്‍ഗ കോളനികളില്‍ സെപ്തംബര്‍ 13ന് വിവിധ പരിപാടികള്‍ നടത്തും. പട്ടികവര്‍ഗ വികസന വകുപ്പ്, സാമുഹിക നീതി വകുപ്പ്, ശുചിത്വമിഷന്‍, കുടുംബശ്രീ, എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. ജില്ലാതല ഉദ്ഘാടനം ചുങ്കത്തറ കോളനിയില്‍ നടക്കും. ബ്ലോക്ക്, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ഐക്യരാഷ്ട്രസഭ 2007 സെപ്തംബര്‍ 13ന് നടത്തിയ അവകാശ പ്രഖ്യാപനത്തിന്റെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മറ്റു ജനങ്ങള്‍ക്കുള്ളതു പോലെ എല്ലാ അവകാശങ്ങളും തദ്ദേശീയ ജനതക്കുണ്ടെന്നും അവ സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങളും നടപടി സ്വീകരിക്കണമൊവശ്യപ്പെട്ടുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഈ പ്രഖ്യാപനം നടത്തിയത്.
മാനവിക സംസ്‌കാരം രൂപപ്പെടുന്നതില്‍ തദ്ദേശീയ ജനതയുടെ സംഭാവനകള്‍ പരിഗണിച്ച് അവരെ സംരക്ഷിക്കുകയാണ് പ്രഖ്യാപനത്തിന്റെ ലക്ഷ്യം. തദ്ദേശീയ ജനതയുടെ സംസ്‌കാരം, ആചാരങ്ങള്‍, കല, മതം, ഭാഷ തുടങ്ങിയവ സംരക്ഷിക്കാനും ഈ പ്രഖ്യാപനത്തിലൂടെ ആഹ്വാനം ചെയ്യുന്നു. എല്ലാതരത്തിലുള്ള വിവേചനങ്ങളും അവസാനിപ്പിച്ച് സമത്വം ഉറപ്പു വരുത്തുക, ജീവിത നിലവാരം വര്‍ധിപ്പിക്കുക, അര്‍ഹമായ പരിഗണയും പരിരക്ഷയും നല്‍കുക തുടങ്ങിയവക്ക് ഊന്നല്‍ നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ 10-ാം വാര്‍ഷികം വിവിധ പരിപാടികളോടെ നടപ്പാക്കുന്നത്.
കോളനികളില്‍ പൂര്‍ത്തിയായ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനവും പരിപാടിയോടനുബന്ധിച്ച് നടക്കും. ആരോഗ്യ ബോധവല്‍ക്കരണം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, പ്രതിജ്ഞ എടുക്കല്‍ തുടങ്ങിയവ എല്ലാ കോളനികളിലും നടത്തും. പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ ആവശ്യപ്പെട്ടു.

 

Related Articles