തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി

Story dated:Thursday September 3rd, 2015,06 48:pm

Kerala-High-Court-Newskeralaകൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ നീട്ടിവെക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ്‌ തിയ്യതി സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ തീരുമാനമെടുക്കാമെന്നും ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവില്ലെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ്‌ ഒരു ഘട്ടമായോ രണ്ട്‌ ഘട്ടമായോ നടത്തേണ്ടതെന്ന്‌ കമ്മീഷന്‌ തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ നടത്തുന്ന കാര്യത്തില്‍ കമ്മീഷന്‌ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന്‌ കോടതി നേരത്തെ തന്നെ വിധി പറഞ്ഞിരുന്നു. ഡിസംബര്‍ 1 ന്‌ പുതിയ ഭരണ സമിതികള്‍ അധികാരമേല്‍കുന്ന വിധത്തില്‍ നവംബര്‍ അവസാന വാരം തെരഞ്ഞെടുപ്പ്‌ നടത്തി നടപടികള്‍ പൂര്‍ത്തീകരിക്കാമെന്നാണ്‌ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്‌.

സര്‍ക്കാരിന്റെ ആവശ്യത്തെ പിന്തുണയ്‌ക്കുന്നതായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കോടതിയില്‍ സത്യവാങ്‌മൂലം നല്‍കുകയും ചെയ്‌തിരുന്നു. ഒക്ടോബര്‍ 31 ന്‌ മുമ്പ്‌ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒറ്റഘട്ടത്തില്‍ തെരഞ്ഞെടുപ്പ്‌ നടത്താന്‍ കഴിയില്ലെന്നും എന്നാല്‍ ഇത്‌ കമ്മീഷന്റെ വീഴ്‌ചമൂലമല്ലെന്നും സത്യവാങ്‌മൂലത്തില്‍ ചൂണ്ടിക്കാട്ടിയരുന്നു.