ഡ്യൂട്ടിസമയത്ത്‌ മദ്യപാനം; പിടിയിലായ വില്ലേജ്‌ ഓഫീസറെ നടപടികളില്‍ നിന്ന്‌ ഒഴിവാക്കാന്‍ നീക്കം

Untitled-1 copyകോട്ടക്കല്‍ : ഡ്യൂട്ടിസമയത്ത്‌ പൊതുസ്ഥലത്ത്‌ മദ്യപിച്ച കേസില്‍ പിടിയിലായ വില്ലേജ്‌ ഓഫീസര്‍ക്കും ഫീല്‍ഡ്‌ ഓഫീസര്‍ക്കുമെതിരെയുള്ള വകുപ്പുതല നടപടി ഒഴിവാക്കാന്‍ നീക്കം. ഓഫീസറും സഹായിയും മദ്യപിച്ചത്‌ ഡ്യൂട്ടിസമയത്തല്ലന്ന വിശദീകരണമാണ്‌ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നത്‌. വ്യാഴാഴ്‌ച്ച ഉച്ചക്ക്‌ ഒരുമണിക്കാണ്‌ ജില്ലാ പൊലീസ്‌ മേധാവിയുടെ പ്രത്യേക സ്‌ക്വാഡ്‌ മദ്യപസംഘത്തെ ഓടിച്ചിട്ട്‌ പിടികൂടിയത്‌. ഈ സമയം കോട്ടക്കല്‍ പൊലീസ്‌ കൃത്യമായി രേഖപ്പെടുത്തിയതുമാണ്‌. നാലംഗസംഘത്തില്‍ പെട്ട തെന്നല വില്ലേജ്‌ ഓഫീസര്‍ ഗോപാലകൃഷ്‌ണന്‍(48), ഫീല്‍ഡ്‌ ഓഫീസര്‍ മാര്‍ട്ടിന്‍(40) എന്നിവര്‍ സക്വാഡിനെ കണ്ട്‌ ഓടി രക്ഷപ്പെട്ടിരുന്നു. കോട്ടക്കല്‍ പൊലീസ്‌ നാലുപേര്‍ക്കെതിരെയും കേസടുത്തതോടെ ഇന്നലെ രാവിലെ കോട്ടക്കല്‍ സ്‌റ്റേഷനില്‍ ഇരുവരുമെത്തി കീഴടങ്ങി. പിന്നീട്‌ ഇരുവരേയും ജാമ്യത്തില്‍ വിട്ടു. ചേലേമ്പ്ര സ്വദേശികളായ രണ്ടുപേരെയാണ്‌ വ്യാഴാഴ്‌ച്ച തന്നെ സ്‌ക്വാഡിന്റെ പിടിയിലായത്‌.

വില്ലേജ്‌ ഓഫീസറും ഫീല്‍ഡ്‌ ഓഫീസറും മദ്യപിച്ചത്‌ പ്രവൃത്തിസമയത്തല്ലന്നാണ്‌ അറിയാന്‍ കഴിഞ്ഞതെന്ന്‌ തിരൂരങ്ങാടി തഹസില്‍ദാര്‍ ടി യു ജോണ്‍ പ്രതികരിച്ചു. ജില്ലാ കളക്ടര്‍ സംഭവം അറിഞ്ഞിട്ടുണ്ട്‌. കളക്ടര്‍ പറയുന്നതിനനുസരിച്ച്‌ നടപടിയെടുക്കുമെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി.