ഡോ.ജെ.ഒ. അരുണ്‍ മികച്ച ഡെപ്യൂട്ടി കലക്‌ടര്‍

IMG-20160224-WA0018മലപ്പുറം: ജില്ലയിലെ മികച്ച ഡെപ്യൂട്ടി കലക്‌ടറായി തിരൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ ഡോ.ജെ.ഒ. അരുണ്‍ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന റവന്യൂ ദിനാചരണത്തോടനുബന്ധിച്ച്‌ തിരുവനന്തപുരത്ത്‌ നടന്ന പരിപാടിയില്‍ റവന്യൂ- കയര്‍ വകുപ്പു മന്ത്രി അടൂര്‍ പ്രകാശില്‍ നിന്ന്‌ അദ്ദേഹം അവാര്‍ഡ്‌ ഏറ്റുവാങ്ങി. കോഴിക്കോട്‌ ഗവ. ഡന്റല്‍ കോളെജില്‍ അസോസിയറ്റ്‌ പ്രൊഫസറായിരുന്ന ഡോ. അരുണിന്‌ 2014 ഏപ്രില്‍ 16 ന്‌ കോഴിക്കോട്‌ ജില്ലയിലാണ്‌ ഡെപ്യൂട്ടി കലക്‌ടറായി നിയമനം ലഭിച്ചത്‌. 2014 ഓഗസ്റ്റില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട്‌ എല്‍.എ. ഡെപ്യൂട്ടി കലക്‌ടറായി. പരിശീലനം പൂര്‍ത്തിയാക്കിയതിന്‌ ശേഷമുള്ള ആദ്യത്തെ നിയമനം 2015 ജൂലൈ 17 ന്‌ തിരൂര്‍ ആര്‍.ഡി.ഒ. ആയിട്ടായിരുന്നു. ചുരുങ്ങിയ കാലയളവിനുള്ളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ്‌ ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്‌. മഞ്ചേരി വായ്‌പ്പാറപ്പടി സ്വദേശിയാണ്‌.
ജില്ലയിലെ മികച്ച തഹസില്‍ദാറായി നിലമ്പൂര്‍ തഹസില്‍ദാര്‍ എം. അബ്‌ദുസ്സലാം, മികച്ച ഡെപ്യൂട്ടി തഹസില്‍ദാറായി പെരിന്തല്‍മണ്ണ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. ദേവകി, മികച്ച വില്ലേജ്‌ ഓഫീസര്‍മാരായി പി. ഭാസ്‌കരന്‍ (പാണക്കാട്‌- ഏറനാട്‌ താലൂക്ക്‌), കെ. രാജഗോപാലന്‍ (എടപ്പറ്റ- പെരിന്തല്‍മണ്ണ താലൂക്ക്‌), ടി.കെ. സുകേഷ്‌ (വെളിയങ്കോട്‌- പൊന്നാനി താലൂക്ക്‌) എന്നിവരെയും അവാര്‍ഡ്‌ നല്‍കി ആദരിച്ചു.