ഡേര്‍ട്ടി പിക്ച്ചറിന് പകല്‍ വിലക്ക്

ദില്ലി : വിദ്യാ ബാലന്റെ ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രം പകല്‍ സമയത്ത് ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു. ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് ചിത്രത്തിന്റെ പകല്‍ പ്രക്ഷേപണം തടഞ്ഞത്.

തെന്നിന്ത്യന്‍ മാദകസുന്ദരി സില്‍ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ഡേര്‍ട്ടി പിച്ചേഴ്‌സ് ഞാറാഴ്ച്ച പകല്‍ 12 മണിക്കും 8 മണിക്കുമുള്ള പ്രൈം ടൈമില്‍ സംപ്രേഷണം ചെയ്യാന്‍ സോണി ടെലിവിഷന്‍ ഒരുങ്ങവെയാണ് ഈ വിലക്ക്. രാത്രി 11 മണിക്ക് ശേഷം മാത്രമേ ഈ ചിത്രം പ്രദര്‍ശിപ്പിക്കാവു എന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. കുടുംബസദസ്സുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്നാണ് ഇതിന് കാരണമായി പറയുന്നത്.

ഇതിനു മുമ്പ് തന്നെ ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് ഇടപെട്ട് കര്‍ശനമായ സെന്‍സറിംങിന് വിധേയമാക്കയിരുന്നു. 56 ഇടത്ത് വെട്ടിമാറ്റല്‍ നടത്തിയാണ് സിനിമയ്ക്ക് U/A സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങള്‍ വിദ്യാബാലനെ തേടിയെത്തിയിരുന്നു. എക്ത കപൂറും ശോഭാകപൂറും നിര്‍മിച്ച് മിലന്‍ ലൂത്രിയ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വിദ്യയെ കൂടാതെ നസറുദീന്‍ ഷ, തുഷാര്‍ കപൂര്‍, ഇമ്രാന്‍ ആഷ്മി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.