ഡെങ്കിപനി വര്‍ധനവ്‌: കൊതുകിന്റെ ഉറവിട നശീകരണം ഉറപ്പാക്കണം- ആരോഗ്യ വകുപ്പ്‌

download (1)മലപ്പുറം: ജില്ലയില്‍ പകര്‍ച്ചവ്യാധികളുടെ സ്ഥിതി വിലയിരുത്തുന്നതിന്‌ ബ്ലോക്ക്‌ മെഡിക്കല്‍ ഓഫീസര്‍മാര്‍, പ്രധാന ആശുപത്രികളുടെ സൂപ്രണ്ടുമാര്‍, ഫീല്‍ഡ്‌ സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ യോഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. വി. ഉമ്മര്‍ ഫാറൂഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 2014 ജൂണില്‍ 47,863 പകര്‍ച്ചപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ ഈ വര്‍ഷം ജൂണില്‍ 35,768 കേസുകള്‍ മാത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഡെങ്കിപ്പനി 50 സംശയാസ്‌പദമായ കേസുകളും 25 സ്ഥിരീകരിച്ച കേസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നത്‌, ഈ വര്‍ഷം 615 സംശയാസ്‌പദമായ കേസുകളും 89 സ്ഥിരീകരിച്ച കേസുകളുമായി. ഈ വര്‍ഷം ഡെങ്കി കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്‌.
ജില്ലയിലെ മലയോര മേഖലയായ ചുങ്കത്തറ, വണ്ടൂര്‍ എന്നിവിടങ്ങളിലാണ്‌ ഡെങ്കികേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്‌തുവരുന്നത്‌. സംശയാസ്‌പദമായ മരണവും ഒരു സ്ഥിരീകരിച്ച മരണവും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ചുങ്കത്തറ 110 സംശയാസ്‌പദമായ കേസുകളും രണ്ട്‌ സ്ഥിരീകരിച്ച കേസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തു. വണ്ടൂര്‍, ചുങ്കത്തറ ആരോഗ്യ ബ്ലോക്കുകളുടെ ആഭിമുഖ്യത്തില്‍ ഉറവിട നശീകരണം ഊര്‍ജിതപ്പടുത്തുന്നതിനും രോഗപകര്‍ച്ച നിയന്ത്രിക്കുന്നതിനും പ്രത്യേക കര്‍മ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്‌.
രോഗപകര്‍ച്ചയ്‌ക്ക്‌ ഇടയാക്കിയ സാഹചര്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന രോഗപര്യവേക്ഷണ വിഭാഗത്തിലെ സ്റ്റേറ്റ്‌ എപ്പിഡെമോളജിസ്റ്റ്‌ ഡോ. സുകുമാരന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഡെങ്കിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌ത മലയോര മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്‌.