ഡിഫ്‌തീരിയ പ്രതിരോധം: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ 25 ന്‌ വിപുലമായ യോഗം

ജില്ലയില്‍ ഡിഫ്‌തീരിയ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്‌ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ ജൂലൈ 25 ന്‌ മലപ്പുറത്ത്‌ രണ്ട്‌ സെഷനുകളിലായി വിപുലമായ യോഗങ്ങള്‍ ചേരുമെന്ന്‌ ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി അറിയിച്ചു. രാവിലെ 10 ന്‌ കുന്നുമ്മല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ആദ്യ സെഷനില്‍ ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍, ത്രിതല പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാര്‍, മതനേതാക്കള്‍, അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടി ജില്ലാതല നേതാക്കള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന്‌ വൈകീട്ട്‌ മൂന്നിന്‌ മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന രണ്ടാം സെഷനില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, വനിതാ-യുവജന-വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. ജില്ലയിലെ പ്രതിരോധ കുത്തിവയ്‌പ്‌ 100 ശതമാന മാക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ ചര്‍ച്ച ചെയ്യുകയും പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ കൃത്യസമയത്ത്‌ പങ്കെടുക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി അഭ്യര്‍ഥിച്ചു.
ഡിഫീതീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂലൈ 20 വരെ ജില്ലയില്‍ 1,36,606 പേര്‍ക്ക്‌ ടി.ഡി. വാക്‌സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്‌ അറിയിച്ചു. 2015 ഒക്‌ടോബറില്‍ ജില്ലയില്‍ ഡിഫ്‌തീരിയ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതിനു ശേഷം ആരോഗ്യ വകുപ്പ്‌ മുന്‍കയ്യെടുത്ത്‌ പ്രതിരോധ കുത്തിവയ്‌പ്‌ നല്‍കിയവരുടെ കണക്കാണിത്‌.