ഡിഫ്‌തീരിയ: കേന്ദ്ര ആരോഗ്യ സംഘം ജില്ലയിലെത്തി

മലപ്പുറം: ആറു മാസത്തെ ഇടവേളക്കു ശേഷം ജില്ലയില്‍ വീണ്ടും ഡിഫ്‌തീരിയ (തൊണ്ടമുള്ള്‌) പൊട്ടിപ്പുറപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച്‌ പഠിക്കുന്നതിന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയ സംഘം ജില്ലയിലെത്തി. ഡല്‍ഹിയിലെ ദേശീയ രോഗ നിയന്ത്രണ കൗണ്‍സില്‍ (നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍- എന്‍.സി.ഡി.സി.) അസിസ്റ്റന്റ്‌ ഡയറക്‌ടര്‍മാരായ ഡോ. ശങ്കര്‍ വി. കുല്‍ക്കര്‍ണി, ഡോ.എച്ച്‌. മഹേശ്‌ വാഗ്‌മേര്‍, എന്‍.സി.ഡി.സി.യിലെ ഇമ്യൂണൈസേഷന്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. യാഷിക എന്നിവരാണ്‌ ജില്ലയിലെത്തിയത്‌. കോഴിക്കോട്‌ എന്‍.സി.ഡി.സി. ജോയിന്റ്‌ ഡയറക്‌ടര്‍ ഡോ.കെ. രഘു, ലോകോരോഗ്യ സംഘടനാ പ്രതിനിധികളായ ഡോ.ആര്‍. ശ്രീനാഥ്‌, ഡോ.എം. രത്‌നേശ്‌ (ചെന്നൈ) എന്നിവര്‍ സംഘത്തെ അനുഗമിച്ചു.
ഡിഫ്‌തീരിയ രോഗബാധിത പ്രദേശങ്ങളിലും മഞ്ചേരി മെഡിക്കല്‍ കോളെജിലും സന്ദര്‍ശനം നടത്തിയ സംഘം ജില്ലയിലെ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കോഴിക്കോട്‌ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ്‌ മൂന്നംഗ സംഘം ജില്ലയിലെത്തിയത്‌. ഇന്ന്‌ (ആഗസ്റ്റ്‌ 19) തിരുവനന്തപുരത്ത്‌ ആരോഗ്യ വകുപ്പ്‌ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി സംഘം ചര്‍ച്ച നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തിയ സംഘത്തിന്‌ ജില്ലയിലെ ഡിഫ്‌തീരിയ കേസുകളുടെ സ്ഥിതിയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്‌ വിശദീകരിച്ചു കൊടുത്തു. ജില്ലാ പ്രോഗ്രാം മാനെജര്‍ ഡോ.വി. വിനോദ്‌, ആര്‍.സി.എച്ച്‌. ഓഫീസര്‍ ഡോ.ആര്‍. രേണുക, ജില്ലാ സര്‍വലന്‍സ്‌ ഓഫീസര്‍ ഡോ.എ. ഷിബുലാല്‍, ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.