‘ഡിജിറ്റല്‍ ഇന്ത്യ വാരം’ജൂലൈ ഒന്നു മുതല്‍

download (2)കേന്ദ്ര സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്ന്‌ മുതല്‍ ജൂലൈ ഏഴ്‌ വരെ വരെ നടത്തുന്ന ‘ഡിജിറ്റല്‍ ഇന്ത്യ വാരം’ ജില്ലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഇ- സാക്ഷരതയുടെയും ഇ-ഭരണത്തിന്റെയും സാധ്യതകള്‍ പൊതുജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുന്നതിനും ഐ.ടി. അവബോധമുണ്ടാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടികളുടെ ജില്ലയിലെ ഏകോപന ചുമതല ‘അക്ഷയ’യും നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌ സെന്ററും നിര്‍വഹിക്കും.
ജൂലൈ ഒന്ന്‌ വൈകീട്ട്‌ നാലിന്‌ ‘ഡിജിറ്റല്‍ ഇന്ത്യ വാരാ’ഘോഷത്തിന്റെ ദേശീയതല ഉദ്‌ഘാടന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന പ്രസംഗം കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ വെബ്‌കാസ്റ്റ്‌ ചെയ്യും. കലക്‌ടറേറ്റ്‌ മൈതാനിയിലെ ഇന്‍ഫര്‍മേഷന്‍- പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ വിഡിയോ വോളിലും പ്രസംഗം പ്രദര്‍ശിപ്പിക്കും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 12 സ്‌കൂളുകളിലും കോളെജുകളിലും പരിപാടിയുടെ തത്സമയ സംപ്രേഷണം നടക്കും. ജൂലൈ രണ്ട്‌ മുതല്‍ ഏഴ്‌ വരെ ജില്ലയിലെ ഒന്‍പത്‌ കോളെജുകളിലും മലപ്പുറം കേന്ദ്രീയ വിദ്യാലയ, എം.എസ്‌.പി. സ്‌കൂള്‍ എന്നിവിടങ്ങളിലും സെമിനാറുകള്‍ നടത്തും. മഞ്ചേരി ഏറനാട്‌ നോളെജ്‌ സിറ്റി, പെരിന്തല്‍മണ്ണ എം.ഇ.എ., കുറ്റിപ്പുറം എം.ഇ.എസ്‌., അരീക്കോട്‌ സുല്ലമുസ്സലാം സയന്‍സ്‌ കോളെജ്‌, കൊണ്ടോട്ടി, മലപ്പുറം, തിരൂര്‍ ഗവ. കോളെജുകള്‍, മമ്പാട്‌ എം.ഇ.എസ്‌., നിലമ്പൂര്‍ അമല്‍ എന്നീ കോളെജുകളിലാണ്‌ സെമിനാറുകള്‍ നടത്തുക. ജൂലൈ മൂന്നിന്‌ രാവിലെ 9.30 ന്‌ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ യു.പി-ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- കോളെജ്‌ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മത്സരം നടക്കും.
‘ഡിജിറ്റല്‍ ഇന്ത്യ വാരാ’ഘോഷത്തിന്റെ ഔദ്യോഗിക ജില്ലാതല ഉദ്‌ഘാടനം ജൂലൈ നാലിന്‌ രാവിലെ 11 ന്‌ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ വ്യവസായ- ഐ.ടി. വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. അഞ്ച്‌, ആറ്‌, ഏഴ്‌ തീയതികളില്‍ ഡി.ടി.പി.സി.യുടെ സഹകരണത്തോടെ കോട്ടക്കുന്നില്‍ ഫോട്ടോ- വിഡിയോ-ലേസര്‍ പ്രദര്‍ശനം നടക്കും. ആറിന്‌ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ്‌ മത്സരം, ഡിജിറ്റല്‍ പെയിന്റിങ്‌ മത്സരം എന്നിവ സംഘടിപ്പിക്കും. ഏഴിന്‌ നടക്കുന്ന സമാപന പരിപാടിയില്‍ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക്‌ ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
ജില്ലാ കലക്‌ടറുടെ ചേംബറില്‍ നടന്ന ആലോചനാ യോഗത്തില്‍ സബ്‌ കലക്‌ടര്‍ അമിത്‌ മീണ അധ്യക്ഷനായി. അസി. കലക്‌ടര്‍ രോഹിത്‌ മീണ, ഡി.ടി.പി.സി. സെക്രട്ടറി വി. ഉമ്മര്‍കോയ, അക്ഷയ ജില്ലാ സെക്രട്ടറി കെ.പി. മുഹമ്മദ്‌ ബഷീര്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ്‌ ഓഫീസര്‍ കെ.പി. പ്രതീഷ്‌, കാലിക്കറ്റ്‌ യൂനിവേസിറ്റി സിന്‍ഡിക്കറ്റ്‌ അംഗം ഡോ. ആബിദ ഫാറൂഖി തുടങ്ങിയവര്‍ പങ്കെടുത്തു.
വാട്ട്‌സ്‌അപ്പ്‌ വഴി ഷോര്‍ട്ട്‌ ഫിലിം മത്സരം നടത്തും: ‘ഡിജിറ്റല്‍ ഇന്ത്യ വാരം’ആഘോഷിക്കുന്നതിന്റെ ഭാഗമായി വാട്ട്‌സ്‌ആപ്‌ വഴി ജില്ലാതല ഷോര്‍ട്ട്‌ ഫിലിം മത്സരം നടത്തും. ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച്‌ അഞ്ച്‌ മിനുട്ട്‌ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം നിര്‍മിച്ച്‌ ആര്‍ക്കും അയക്കാം. എന്‍ട്രികള്‍ ജൂലൈ അഞ്ചിനകം 8547905833 നമ്പറിലേയ്‌ക്ക്‌ വാട്ട്‌സ്‌ആപ്‌ വഴി അയക്കണം. ഏഴിന്‌ നടക്കുന്ന സമാപന പരിപാടിയില്‍ മികച്ച ഹ്രസ്വചിത്ര നിര്‍മാതാക്കള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കും.