ഡല്‍ഹി സ്‌ഫോടനത്തില്‍ പങ്കില്ല; ഹിസ്ബുല്ല

ഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രായേലി നയതന്ത്രകാര്യാലയത്തിനു മുന്നില്‍ നടന്ന സ്‌ഫോടനങ്ങളില്‍ പങ്കില്ലെന്ന് ഹിസ്ബുല്ല മേധാവി ഹസ്സന്‍ നസ്‌റളള വ്യക്തമാക്കി. 2008-ല്‍ സിറിയയില്‍ വച്ച് നടന്ന കാര്‍ബോംബ് സ്‌ഫോടനം ഇസ്രയേല്‍ ആസൂത്രണം ചെയ്തതാണെന്നും ഇതിന് പ്രതികാരം ചെയ്യുമെന്നും നസ്‌റളള പറഞ്ഞു. നേരത്തെ ഡല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ ഹിസ്ബുല്ലയാണെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. തങ്ങള്‍ നടത്തുന്ന അക്രമണങ്ങള്‍ തുറന്ന് സമ്മതിച്ച ചരിത്രമാണ് ഹിസ്ബുല്ലയുടേത്.

സ്‌ഫോടനങ്ങളുടെ പേരില്‍ ഇറാനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കത്തിന് പിന്തുണയുമായി അമേരിക്ക രംഗത്തുവന്നു. സ്‌ഫോടനത്തിനു പിന്നില്‍ ഇറാന്റെ കരങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ തങ്ങള്‍ അത്ഭുതപ്പെടില്ലെന്ന് അമേരിക്കന്‍ വക്താവ് വിക്ടോറിയാ ന്യൂലെന്റ് പറഞ്ഞു.

 

പാശ്ചാത്യ ചേരിയുടെ ഭീഷണിക്ക് വഴങ്ങാതെ ആണവോര്‍ജ്ജ പദ്ധതിയുമായി മുന്നോട്ട് പോകുന്ന ഇറാനെതിരെ ഇന്ത്യയെയും കരുവാക്കാനുള്ള നീക്കമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് സംശയിക്കപ്പെടുന്നു. ഇറാനെതിരായ ഉപരോധത്തില്‍ ഇന്ത്യയെ കൂടി അണിനിരത്താന്‍ മൊസാദിന്റെ ബുദ്ധിയിലാണ് സ്‌ഫോടനം ഉണ്ടായതെന്ന സംശയം ബലപ്പെടുകയാണ്.