ഡല്‍ഹിയില്‍ നഴ്‌സുമാര്‍ സമരം തുടങ്ങി; സമരക്കാരെ മാനേജ്‌മെന്റ് പൂട്ടിയിട്ടു.

ദില്ലി എസ്‌കോര്‍്ട്ട ഹാര്‍ട്ട് ആശുപത്രിയില്‍ നഴ്‌സുമാര്‍ പണി മുടക്കി. ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. ഇവിടെയുള്ള ആയിരം നഴ്‌സുമാരില്‍ എണ്ണൂറു പേര്‍ മലയാളികളാണ്.

സമരക്കാര്‍ക്കെതിരെ ശക്തമായ നടപടികളുമായാണ് മാനേജ്‌മെന്റ് മുന്നോട്ടു പോകുന്നത്. സമരം ചെയ്ത നഴ്‌സുമാരെ പൂട്ടിയിട്ടാണ് സമരക്കാരെ മാനേജ്‌മെന്റ് നേരിട്ടത്. ശമ്പളവര്‍ദ്ധനവ് അടക്കമുള്ള കാര്യങ്ങള്‍ കാണിച്ച് കഴിഞ്ഞദിവസം മാനേജ് മെന്റിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് സമരം തുടങ്ങിയത്. ഒരു വര്‍ഷം മുമ്പ് നഴ്‌സുമാര്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് ആവശ്യങ്ങള്‍ നടപ്പില്‍ വരുത്താമെന്ന് മാനേജ്്‌മെന്റ് ഉറപ്പുനല്‍കിയിരുന്നു. ഇപ്പോള്‍ വാക്കുപാലിക്കാന്‍ എസ്‌കോര്ട്ട് മാനേജ്‌മെന്റ് തയ്യാറാകാത്തതിനാലാണ് വീണ്ടും നോട്ടീസ് നല്‍കിയത്.

രാവിലെ മുതല്‍ തുടങ്ങിയ സമരം ശക്തമായിട്ടും ഇതുവരെ കേരളത്തിലെ ജനപ്രതിനിധികളാരും തന്നെ നഴ്‌സുമാരുമായി ബന്ധപ്പെട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.