ട്വിറ്ററിന് ഇന്ന് പത്താംപിറന്നാള്‍

twitterമൈക്രോബ്ലോഗിംഗ് രംഗത്തെ അതികായകരായ ട്വിറ്ററിന് ഇന്ന് പത്ത് വയസ്സ് പൂര്‍ത്തിയായി. 2006 മാര്‍ച്ച് 21നാണ് ട്വിറ്റര്‍ ആരംഭിച്ചത്.  ജസ്റ്റ് സെറ്റിംഗ് അപ്പ് മൈ ട്വിറ്റര്‍ (Just Setting up my ttwr) ഇതായിരുന്നു ട്വിറ്ററിലെ ആദ്യ ട്വീറ്റ്. ട്വീറ്റ് ചെയ്തത് സ്ഥാപകന്‍ ജാക്ക് ഡ്വാര്‍സി തന്നെ. 2006ല്‍ ട്വിറ്റര്‍ ആരംഭിച്ചപ്പോള്‍ വെറും 140 അക്ഷരങ്ങള്‍ മാത്രമുള്ള ഒരു സന്ദേശം മാത്രമായിരുന്നു ട്വീറ്റ്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ജനങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ കണ്ടെത്താനും സ്വയം അടയാളപ്പെടുത്താനുമുള്ള മാര്‍ഗമായി ട്വിറ്റര്‍ മാറി.

ഇന്ന് ഏറ്റവും പെട്ടെന്ന് വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന ഒരു സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായി മാറിക്കഴിഞ്ഞിരിക്കുന്നു ട്വിറ്റര്‍. 300 മില്ല്യണിലധികം ഉപയോക്താക്കളാണ് ട്വിറ്ററിനിപ്പോള്‍  ഉള്ളത്. ഒരൊറ്റ ട്വീറ്റില്‍ ആരംഭിച്ച് പത്ത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ട്വിറ്റര്‍ വളരെയധികം വികസിച്ചിരിക്കുന്നു.

പത്താം വാര്‍ഷികത്തില്‍ ഉപയോക്താക്കള്‍ക്കായി ലൗ ട്വിറ്റര്‍ എന്ന പുതിയ ഇമോജിയാണ് ട്വിറ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.  ലൗ ട്വിറ്ററിനൊപ്പം ഹൃദയത്തിന്റെയും ട്വിറ്റര്‍ ബേഡിന്റെയും ചിത്രവും നല്‍കിയിട്ടുണ്ട്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി എല്ലാ ഫോളോവേഴ്‌സിനും നന്ദി രേഖപ്പെടുത്തുന്ന വീഡിയോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.