ട്രെയിനില്‍ നിന്ന് വീണ 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണം തിരികെ കിട്ടി

സംഭവം നടന്നത് പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി: ജ്വല്ലറിയിലേക്ക് കൊണ്ടു പോകുകയായിരുന്ന സ്വര്‍ണ്ണാഭരണങ്ങളടങ്ങിയ ബാഗ് ട്രെയിനില്‍ നിന്ന് തെറിച്ചു വീണു. ബാഗിലുണ്ടായിരുന്ന ഒന്നര കിലോ സ്വര്‍ണ്ണാഭരണവും രണ്ടു ലക്ഷം രൂപയുമടങ്ങിയ ബാഗ് പരപ്പനങ്ങാടി പോലീസ് ഉടമസ്ഥന് തിരിച്ചു നല്‍കി.

വ്യാഴാഴ്ച ഉച്ചയോടെ പരപ്പനങ്ങാടിയിലൂടെ നിനിസാമുദ്ദീന്‍ എക്‌സ്പ്രസ്സ് കടന്നു പോകവെയാണ് ട്രെയിനില്‍ നിന്ന് ബാഗ് തെറിച്ചു വീണത്. ടോള്‍സമര സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ ഓഫീസര്‍ പി സുരേഷിനാണ് ബാഗ് കിട്ടിയത്. ഇയാള്‍ പരപ്പനങ്ങാടി സ്റ്റേഷനില്‍ എത്തി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണവും പണവുമാണെന്ന് മനസ്സിലായത്.

കാസര്‍കോഡ് കളങ്കര സ്വദേശിയായ മുഹമ്മദ് കുഞ്ഞി സ്‌റ്റേഷനിലെത്തി സ്വര്‍ണ്ണവും പണവും തന്റേതാണെന്ന് വ്യക്തമാക്കുകയായിരുന്നു. തൃശ്ശൂരിലെ അമല്‍ ജ്വല്ലറിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള അവരുടെതന്നെ ഷോറൂമിലേക്ക് സ്വര്‍ണം കൊണ്ടുപോകവെയാണ് തിരക്കില്‍ കയ്യില്‍ നിന്ന് ബാഗ് തെറിച്ചുവീണത്. ഇയാള്‍ ഫറോക്കില്‍ ട്രെയിനിറങ്ങി പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനിലേക്ക് വിവരമറിയിച്ചു. ഇതെ തുടര്‍ന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പരപ്പനങ്ങാടിയില്‍ ബാഗിനായി തെരച്ചില്‍ നടത്തിയിരുന്നു.

രേഖകള്‍ പരിശോധിച്ചതിനു ശേഷം ഇയാള്‍ പറയുന്നത് സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് ആഭരണങ്ങളും പണവും ഇയാള്‍ക്ക് തിരികെ കൊടുക്കുകയായിരുന്നു.