ട്രംപ് അധികാരമേറ്റു

വാഷിങ്ടണ്‍ :അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു. യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപ്പിറ്റോളിന്റെ പടവിലായിരുന്നു സത്യപ്രതിജ്ഞാചടങ്ങ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു.

രാവിലെ സെന്റ് ജോണ്‍സ്സ് എപിസ്കോപ്പല്‍ ചര്‍ച്ചില്‍ പ്രഭാതപ്രാര്‍ഥനയില്‍ പങ്കെടുത്താണ് ട്രംപ് സത്യപ്രതിജ്ഞാദിനം ആരംഭിച്ചത്. തുടര്‍ന്ന് ട്രംപും ഭാര്യ മെലാനിയയും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേലിന്റെയും ഒപ്പം കാപ്പി കഴിച്ചു. തുടര്‍ന്ന് വാഹനവ്യൂഹത്തിന്റെ അകമ്പടിയില്‍ ക്യാപ്പിറ്റോളിലെത്തി. വൈസ്പ്രസിഡന്റ് മൈക് പെന്‍സാണ് ആദ്യം സത്യപ്രതിജ്ഞചെയ്തത്.

അമേരിക്കന്‍ സമയം ഉച്ചക്ക് പന്ത്രണ്ടിന് ഒബാമയുടെ കാലാവധി പൂര്‍ത്തിയാകുംമുമ്പ് ട്രംപ് അധികാരമേറ്റു. റിപ്പബ്ളിക്കന്‍ പാര്‍ടി പ്രവര്‍ത്തകരും നേതാക്കളുമടക്കം ട്രംപിന്റെ അനുയായികളായ ആയിരങ്ങള്‍ സത്യപ്രതിജ്ഞാചടങ്ങ് വീക്ഷിക്കാന്‍ തടിച്ചുകൂടി.