ട്രംപിന്റെ ഉത്തരവിന് സ്റ്റേ;വിസയുള്ളവര്‍ക്ക് യുഎസില്‍ തുടരാം

ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് പോകുന്നതിന് സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ ജഡ്ജ് ഭാഗികമായി സ്റ്റേ ചെയ്തു. കൃത്യമായ വിസയുള്ളവര്‍ക്ക് രാജ്യത്ത് തുടരാമെന്നാണ് കോടതി വിധി. ഇറാഖ്, ഇറാന്‍, സിറിയ, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ വിവിധ വിമാനതാവളങ്ങളില്‍ തടഞ്ഞിരുന്നു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് യുഎസ് ഫെഡറല്‍ കോടതി ഉത്തരവ്.

വെള്ളിയാഴ്ച അര്‍ധരാത്രിയാണ് അഭയാര്‍ഥികളെ തടഞ്ഞുകൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പിട്ടത്. അതേസമയം, ഫെഡറല്‍ കോടതിയുടെ പുതിയ ഉത്തരവ് വന്നതോടെ ഇതുവരെ രാജ്യത്ത് എത്തിയവര്‍ക്ക് തുടരാന്‍ സാധിക്കും.

മുസ്ളിംരാജ്യങ്ങളില്‍നിന്നുള്ളവര്‍ രാജ്യത്ത് എത്തുന്നത് തടഞ്ഞാല്‍ അമേരിക്കന്‍ ജനതയെ തീവ്രവാദത്തില്‍നിന്ന് രക്ഷിക്കാനാകും എന്ന വാദമുന്നയിച്ചാണ് ട്രെംപിന്റെ നടപടി. ഏഴ് രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ ആരും അടുത്ത 90 ദിവസത്തേക്ക് അമേരിക്കയില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവ്. അമേരിക്കയെ പിന്താങ്ങുകയും അമേരിക്കന്‍ ജനതയെ ഗാഢമായി സ്നേഹിക്കുന്നവരുംമാത്രം അമേരിക്കന്‍ അതിര്‍ത്തി കടന്ന് വന്നാല്‍ മതിയെന്നാണ് നിലപാടെന്ന് ട്രംപ് പറഞ്ഞു.

ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധമുയര്‍ന്നു.