ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസെടുത്തു

കൊച്ചി:മുന്‍ ഗതാഗത കമീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസെടുത്തു.ആരോപണങ്ങളില്‍ ത്വരിത പരിശോധന നടത്തിയ ശേഷമാണ് കേസെടുക്കാന്‍ തീരുമാനമായത്. എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഗതാഗത കമ്മീഷണറായിരിക്കെ നടത്തിയ വഴിവിട്ട നടപടികളാണ് അന്വേഷിക്കുന്നത്. വാഹന ഡീലര്‍മാര്‍ക്ക് പിഴ ഇളവ് നല്‍കിയതും മലിനീകരണ പരിശോധനക്ക് വേണ്ടിയുള്ള സോഫ്റ്റ്വെയര്‍ വാങ്ങിയതിലെ ക്രമക്കേടും അന്വേഷണ പരിധിയില്‍ വരും.

എല്ലാ വാഹന പുക പരിശോധനാ കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫ്റ്റ് വെയര്‍ ഘടിപ്പിക്കണമെന്ന നിബന്ധന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ മുന്നോട്ട് വെച്ചത് ഏറെ സംശയത്തിന് ഇടയാക്കിയിരുന്നു.അതിനിടെ ആറ് മാസത്തിനിടെ ടോമിന്‍ ജെ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളും വിജിലന്‍സ് പരിശോധനക്ക് വിധേയമാക്കും.

ജന്മദിനം ആഘോഷിക്കാനായി സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളില്‍ സര്‍ക്കുലര്‍ ഇറക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലകപ്പെട്ടാണ് തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നും നീക്കിയത്. നിലവില്‍ കെബിപിഎസ് എംഡിയുടെ ചുമതല തച്ചങ്കരിക്കാണ്.