ടോമിന്‍ ജെ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കി

tomin-thachankaryതിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്ന്‌ ടോമിന്‍ ജെ തച്ചങ്കരിയെ നീക്കി. ഇന്ന്‌ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ തീരുമാനമുണ്ടായത്‌. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ പരാതിയെ തുടര്‍ന്നാണ്‌ തച്ചങ്കരിയെ പുറത്താക്കിയിരിക്കുന്നത്‌. എഡിജിപി അനന്തകൃഷ്‌ണനെ പുതിയ ഗതാഗത കമ്മീഷണറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. തച്ചങ്കരിക്ക്‌ പകരം നിയമനം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

മന്ത്രിയും കമ്മീഷണറും തമ്മില്‍ പലകാര്യങ്ങളിലും അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.തച്ചങ്കരിയെ മാറ്റണമെന്ന മന്ത്രിയുടെ ആവശ്യത്തിന്‌ പിന്തുണയുമായി എന്‍സിപിയും രംഗത്തെത്തിയിരുന്നു. തച്ചങ്കരിയുടെ പല നിലപാടുകളും സര്‍ക്കാരിനും ഗതാഗത വകുപ്പിനും തലവേദന ഉണ്ടാക്കുകയും ചെയ്‌തിരുന്നു.

മന്ത്രിപോലും അറിയാതെ പല തീരുമാനങ്ങളും നടപ്പിലാക്കാന്‍ ഉത്തരവിറക്കുന്നതും വിവാദമായ തീരുമാനങ്ങളിലൂടെ സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുന്നതും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.