ടോംസ് എന്‍ജിനിയറിങ് കോളേജില്‍ ഇന്ന് തെളിവെടുപ്പ്

തിരുവനന്തപുരം : പാമ്പാടി നെഹ്റു കോളേജ് എന്‍ജിനിയറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കൂടുതല്‍ സ്വാശ്രയ കോളേജുകള്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സര്‍ക്കാരിന് സമര്‍പ്പിച്ച പരാതികളില്‍ നടപടികള്‍ പുരോഗമിക്കുന്നു. കോട്ടയം മറ്റക്കര ടോംസ് എന്‍ജിനിയറിങ് കോളേജ് ചെയര്‍മാന്റെ പീഡനം സംബന്ധിച്ച പരാതിയില്‍ ഇന്ന് തെളിവെടുക്കും. സര്‍വകലാശാലയ്ക്ക് കീഴിലെ 155 സ്വാശ്രയ കോളേജുകളിലെയും പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍വകലാശാല നിയോഗിക്കുന്ന സമിതിയില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജിലുള്ളവരെ നിയോഗിച്ചാല്‍മതിയെന്നും തീരുമാനിച്ചു.

കോട്ടയം മറ്റക്കര ടോംസ് എന്‍ജിനിയറിങ് കോളേജിലെ മുപ്പതോളം രക്ഷിതാക്കള്‍ ചെയര്‍മാനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ജി പി പത്മകുമാര്‍ വെള്ളിയാഴ്ച കോളേജിലെത്തും. പരിശോധനയ്ക്കെന്നപേരില്‍ രാത്രി കോളേജിലെത്തുന്ന ചെയര്‍മാന്‍ കുട്ടികളെ കൊണ്ട് ചായവയ്പ്പിക്കുന്നുവെന്നുവരെയുള്ള പരാതിയാണ് സര്‍ക്കാരിന് ലഭിച്ചത്.

30 വിദ്യാര്‍ഥികള്‍ പഠനം മതിയാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും രക്ഷിതാക്കളുടെ പരാതിയില്‍ വ്യക്തമാക്കി. വയനാട്ടിലെ മൂന്ന് പെണ്‍കുട്ടികള്‍ ക്രിസ്മസ് അവധി കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ കോളേജില്‍ കയറ്റിയില്ലെന്നും ഒടുവില്‍ രാത്രി പൊലീസ് ഇടപെട്ടശേഷമാണ് പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ കയറ്റിയതെന്നും വയനാട്ടിലെ വിദ്യാര്‍ഥികളെ മറ്റു കോളേജുകളിലേക്ക് മാറാന്‍ അനുവദിക്കണമെന്നും ഒ ആര്‍ കേളു എംഎല്‍എ വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കി. ഇക്കാര്യങ്ങളടക്കം രജിസ്ട്രാര്‍ പരിശോധിക്കും.

ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് സംസ്ഥാനമാകെ ഉയര്‍ന്ന പ്രതിഷേധത്തിന്റെപേരില്‍ സ്വാശ്രയ കോളേജുകള്‍ മുഴുവന്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള നീക്കം മാനേജ്മെന്റ് അസോസിയേഷന്‍ ഉപേക്ഷിച്ചിരുന്നു. കോളേജുകളടച്ചിട്ടാല്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചതിനെ തുടര്‍ന്നാണ് അനിശ്ചിതകാലസമരം വേണ്ടെന്നു വയ്ക്കാന്‍ മാനേജ്മെന്റുകള്‍ നിര്‍ബന്ധിതരായത്.