ടു പീസ് സാരിക്ക് പ്രിയമേറുന്നു…..

   സാരിയോ…? എന്തൊരു പാടാ അതു വലിച്ചു വാരിച്ചുറ്റാന്‍… ടീനേജുകാര്‍ മുതല്‍ മദ്ധ്യവയസ്‌കകള്‍ വരെ കുറച്ച് മുമ്പ് സാരിയെക്കുറിച്ച് പറഞ്ഞിരുന്ന പരിഭവ വാചകമാണിത്.  എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു…..  ടീനേജുകാരും അമ്മമാരും ചേച്ചിമാരുമെല്ലാം ഇപ്പോള്‍ ത്രില്ലിലാണു കേട്ടോ… എന്താണെന്നല്ലേ..? ധരിക്കാന്‍ രണ്ടു മിനിട്ട് മാത്രമുള്ള സ്റ്റെലില്‍ ടൂപീസ് സാരി തങ്ങള്‍ക്ക് കിട്ടി എന്നതു തന്നെ.

മലയാളിയുടെ എക്കാലത്തെയും പ്രിയവേഷ മേതെന്നു ചോദിച്ചാല്‍ മടിയില്ലാതെ എല്ലാവരും പറയുക സാരി എന്നു തന്നെയാണ്.  എന്നാല്‍ തിരക്കേറിയ മലയാളിക്ക് ഓഫീസിലേക്കും മറ്റ് പാര്‍ട്ടികള്‍ക്കും കല്യാണങ്ങള്‍ക്കുമെല്ലാം സാരിയുടുത്ത്  പോവുക ബുദ്ധിമുട്ടായിടത്തേക്കാണ് ടുപീസിന്റെ കടന്നുവരവ്.
രണ്ടുപീസുകളിലായി ഷോപ്പുകളില്‍ ലഭിക്കുന്ന ഈ റെഡിമെയ്ഡ് സാരിയുടെ ഒരു ഭാഗം ഞൊറിയുടുത്തതുപോലെ പ്ലീറ്റ്‌സുകളടക്കം സ്റ്റിച്ച് പാവാട പോലുള്ളതാണ്. ഇത് പാവാട അണിയുന്ന  പോലെ വളരെ ഈസിയായി ഉടുക്കാവുന്നതേയുള്ളൂ.  രണ്ടാമത്തെ പീസ് മുന്താണിയാണ്.  സാരിയുടെ  തുമ്പെടുത്ത് പാവാടയില്‍ കുത്തിയുറപ്പിക്കുന്നതുപോലെ തന്നെ ടൂപീസിന്റെ സ്റ്റിച്ച് ചെയ്തിരിക്കുന്ന ആദ്യപീസും ഒന്ന് കുത്തുക. ഒന്ന് ചുറ്റിയെടുക്കുമ്പോള്‍ പ്ലീറ്റീസ് അതിന്റെ കൃത്യസ്ഥാനത്തെത്തും.  ഇത്ര എളുപ്പത്തില്‍ അണിയാവുന്ന ഈ സാരി നമ്മുടെ മനസ്സിനണങ്ങുന്ന നിറത്തിലും മെറ്റീരിയലുകളിലും ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
2000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ഈ അടിപൊളി ടൂപീസ് സാരികളുടെ മാര്‍ക്കറ്റ് വില.  മെറ്റീരിയലുകളിലും വര്‍ക്കിലും ഉണ്ടാകുന്ന മാറ്റത്തിനനുസരിച്ചാണ് ഇതിന്റെ വിലയില്‍ വ്യത്യസം വരുന്നത്. ജോര്‍ജറ്റ്, സില്‍ക്ക്, ഷിഫോണ്‍, സില്‍ക് തുടങ്ങിയ മെറ്റീരിയലുകളില്‍ ഈ സാരി മാര്‍ക്കറ്റില്‍ ലഭ്യമാണ്. മണവാട്ടിമാരുടെ ഇഷ്ടവേഷമായി മാറിയിരിക്കുകയാണ് ടൂപീസ് സാരികള്‍.

പാരമ്പര്യത്തിന്റെ പ്രൗഡി ഒട്ടും ചോര്‍ന്നു പോകാതെ നല്ല ഗമയില്‍ തന്നെയാണ് ഈ ട്രെന്റി ടൂപീസ് സാരികള്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ വിലസുന്നത്.  ഏതവസരങ്ങളിലും യാതൊരു ബുദ്ധിമുട്ടും കൂടാതെ വളരെ ഈസിയായി കംഫര്‍ട്ടായി അണിയാം എന്നത് ഇതിനെ മറ്റു വസ്ത്രങ്ങളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നു.