ടി. ദാമോദരന്‍ ഓര്‍മ്മയായി.

കോഴിക്കോട്: മലയാള സിനിമാ തിരക്കഥയിലെ തീക്ഷണയൗവനം ടി. ദാമോദരന്‍ ഓര്‍മ്മയായി. അദ്ദേഹത്തിന്റെ മൃതശരീരം പൊതുദര്‍ശനത്തിനു വെച്ച കോഴിക്കോട് ടൗണ്‍ ഹാളിലേക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. ഇന്ന് രാവിലെ 8 മണി മുതല്‍ ടൗണ്‍ഹാളും പരിസരവും ദു:ഖസാന്ദ്രമായ ജനതയാല്‍ തിങ്ങിനിറഞ്ഞു. രാഷ്ട്രീയസാമൂഹ്യസാംസ്‌കാരികരംഗത്തെ നിരവധി പ്രമുഖരും സിനിമയെ സ്‌നേഹിക്കുന്ന കോഴിക്കോട്ടെ സാധാരണക്കാരുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിച്ചു.

 

അദ്ദേഹത്തിന്റെ മൃതദേഹം ഉച്ചയ്ക്ക് 11.30 ഓടെ മാവൂര്‍ റോഡിലെ വൈദ്യുതി ശ്മശാനത്തില്‍ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു.

 

തച്ചമ്പലത്ത് ചോയിക്കുട്ടിയുടെയും മാളുവിന്റെയും മകനായി 1935 സപ്തംബര്‍ 10 നായിരുന്നു ദാമോദരന്റെ ജനനം. അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ കഴിഞ്ഞവര്‍ഷം മാര്‍ച്ച് 4ന് മരിച്ചു. ഗുല്‍മോഹര്‍ എന്ന സിനിമയ്ക്കു തിരക്കഥ രചിച്ച ദീദി ദാമോദരന്‍, ഷിംന, അഡ്വ. രശ്മി എന്നിവര്‍ മക്കളാണ്. പ്രേം ചന്ദ്, അഡ്വ. പി രാജിവ് ലക്ഷമണന്‍, മോഹന്‍കുമാര്‍ എന്നിവര്‍ മരുമക്കളുമാണ്.