ടി.ജി.യുടെ ‘ദേവധാറിന്റെ ചരിത്രാന്വേഷണം’ ശ്രദ്ധേയമാകുന്നു

devadharതാനൂര്‍ : ചരിത്ര രചനകളില്‍ രാജ്യത്തെ പുഷ്ടിപ്പെടുത്തിയ സ്ഥാപനങ്ങളേയും അവക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളേയും കുറിച്ചുള്ള വിവരം ലഭിക്കുന്ന പുസ്തകങ്ങള്‍ വിരളമാണ്. അതിനുദാഹരണമാണ് ടി.ജി എന്ന ടി. ഗോപാലകൃഷ്ണന്‍ മാഷ് രചിച്ച താനൂരിലെ ദേവധാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനെക്കൂറിച്ചുള്ള പുസ്തകമായ ‘ദേവധാര്‍: കാലവും ചരിത്രവും’

തെക്കന്‍ മലബാറില്‍ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കാന്‍ കാരണമായത് ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളായിരുന്നു. 1921 കാലഘട്ടത്തിലെ മലബാര്‍ കലാപ ശേഷം വിഷമാവസ്ഥയിലായ നാടിനെ സഹായിക്കാനും ആശ്വാസം നല്‍കാനുമായി പ്രവര്‍ത്തിച്ചത് ഗോപാലകൃഷ്ണ ഗോഖലയുടെ സര്‍വ്വന്‍സ് ഓഫ് ഇന്ത്യ സൊസൈറ്റി എന്ന സ്ഥാപനമായിരുന്നു. ഇതിന്റെ പ്രധാന പ്രവര്‍ത്തകനായിരുന്ന ഗോപാലകൃഷ്ണ ദേവധര്‍ വടക്കെ ഇന്ത്യയില്‍ നിന്നും സ്വരൂപിച്ച തുകയുമായി കുറച്ച് സഹ പ്രവര്‍ത്തകര്‍ക്കൊപ്പം മലബാറിലെത്തി. പ്രവര്‍ത്തനാന്തരം ബാക്കിയായ തുക ‘ദേവധാര്‍ മലബാര്‍ റീ കണ്‍സ്ട്രക്ഷന്‍ ട്രസ്റ്റ്’ എന്നതിന് രൂപം നല്‍കി അതില്‍ നിക്ഷേപിച്ചു. പിന്നീട് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂളുകളും സേവന കേന്ദ്രങ്ങളും തുറന്നു. അതിന്റെ ഭാഗമാണ് ഇന്ന് അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന താനൂരിലെ ദേവധാര്‍ സ്‌കൂള്‍.
സമ്പന്നമായ പച്ചപ്പുകള്‍ നല്‍കിയ സൗന്ദര്യവും അവ സൃഷ്ടിച്ച ശാന്തതയുമാണ് സ്‌കൂളിലേക്ക് കടന്നുവരുന്ന ആഗതനെ സ്വീകരിക്കുന്നതെന്നും, ഒപ്പം സ്വതന്ത്രമായ അധ്യാപനത്തിനുള്ള അന്തരീക്ഷമാണ് ദേവധാറിന്റെ പ്രത്യേകതയെന്നും ടി.ജി പറയുന്നു. തൊണ്ണൂറ് വര്‍ഷത്തെ ചരിത്രമാണ് ദേവധാറിന് പറയാനുള്ളത്. ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌കൂളുകളില്‍ ഒന്നാണിത്. ഡി.എം.ആര്‍.ടി.യില്‍ നിന്ന് മലബാര്‍ എഡ്യൂക്കേഷന്‍ ബോര്‍ഡും അവിടെ നിന്ന് ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രി ആയിരിക്കുന്ന കാലത്താണ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ജില്ലയില്‍ ആദ്യം പ്ലസ്ടു അനുവദിച്ചതും ദേവധാറിലാണ്. പ്രാരാബ്ദങ്ങളുടെയും ഇല്ലായ്മയുടെയും മങ്ങിയ ഭൂതക്കാലത്തിന്റെ വേട്ടയാടലുകളില്‍ നിന്നും ദേവധാര്‍ ഇന്ന് മോചിതമായിരിക്കുന്നു.
രണ്ടാം ലോക മഹായുദ്ധക്കാലത്ത് പട്ടാളത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ സ്‌കൂളിലേക്ക് ഒരു സംഘം വന്നതായും ടി.ജി വരച്ചുകാട്ടുന്നു. ദേവധാറിന്റെ ചരിത്രം രചിക്കാനായി ഡോ. കെ.എം. പണിക്കരുടെ മലബാര്‍ കലാപം, കെ.മാധവന്‍ നായര്‍, തിക്കോടിയന്‍, വെട്ടം മാസിക, മാതൃഭൂമി പത്രത്തിന്റെ ആരംഭം മുതല്‍ 1945വരെയുള്ള ലക്കങ്ങള്‍, മലബാര്‍ മാന്വല്‍, കോഴിക്കോട് യൂണിവേഴ്‌സിറ്റി, മലബാര്‍ ഡിസ്ട്രിക്ട് ഗസറ്റുകള്‍, പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം എന്നിവിടങ്ങളിലൊക്കെ സഞ്ചരിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
പുസ്തക രചനയെപ്പറ്റി അവതാരിക എഴുതിയ ഡോ.എം.ഗംഗാധരന്‍ മാഷ് പറയുന്നു ”സേവന താല്‍പ്പര്യം തീരെ കുറഞ്ഞതും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍ക്കുന്നതുമായ ഇന്നത്തെ പൊതു ബോധത്തില്‍ അല്‍പ്പമെങ്കിലും മാറ്റം വരുത്താന്‍ ഈ പുസ്തകത്തിന് കഴിയുമെന്നാണ്”.
പ്രൗഢമായ ഒരു സംസ്‌ക്കാരം എഴുതിച്ചേര്‍ത്ത ടി.ജിയും ചരിത്രമായി. ദേവധാറിനൊപ്പം….!