ടിപ്പര്‍ ലോറികള്‍ക്ക് 20 മുതല്‍ നിയന്ത്രണം

മലപ്പുറം: പൊതുജനങ്ങളുടെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും സുരക്ഷ പരിഗണിച്ച് നവംബര്‍ 20 മുതല്‍ ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ നിശ്ചിത സമയങ്ങളില്‍ സര്‍വീസ് നടത്തുന്നത് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിരോധിച്ചു. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര വേദിയായ ‘സുതാര്യകേരളം’ ത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ കത്ത് പരിഗണിച്ചാണ് നടപടി.

ജില്ലാ കലക്റ്റര്‍ എം.സി. മോഹന്‍ദാസ് അധ്യക്ഷനായ അതോറിറ്റിയാണ് രാവിലെ 8.30 മുതല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ച് വരെയും ടിപ്പര്‍ ലോറികളുടെ സര്‍വീസ് നിരോധിച്ചത്.

ജില്ലയിലെ എല്ലാ റോഡുകളിലും നിയന്ത്രണം ബാധകമാണെന്ന് ആര്‍.റ്റി.എ. സെക്രട്ടറി കൂടിയായ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി. സുരേഷ് കുമാര്‍ അറിയിച്ചു.