ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി ഉടമകളും ഡ്രൈവര്‍മാരും സംയുക്ത തൊഴിലാളി യൂനിയനും ചേര്‍ന്ന് ആരംഭിച്ച അനിശ്ചിതകാല ടാങ്കര്‍ ലോറി പണിമുടക്ക് പിന്‍വലിച്ചു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച പണിമുടക്ക് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുമായി സമരസമിതി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്‍വലിച്ചത്.

ടെണ്ടര്‍ നടപടി ഒരു മാസത്തേക്ക് മാറ്റിവെക്കാമെന്ന നിര്‍ദേശം കലക്ടര്‍ മുന്നോട്ടുവെക്കുകയായിരുന്നു. കലക്ടറുടെ ഒൗദ്യോഗിക വസതിയില്‍ നടന്ന  ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
പുതുക്കിയ ടെണ്ടറിലെ അപാകതകള്‍ പരിഹരിക്കുക, ടാങ്കര്‍ ലോറികളില്‍ പുതിയ സെന്‍സറും പൂട്ടും ഘടിപ്പിക്കുന്നതിന്‍െറ ചെലവ് കമ്പനി വഹിക്കുക, അതല്ളെങ്കില്‍ പ്രസ്തുത നടപടി നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക് ആരംഭിച്ചത്. . ആഗസ്റ്റ് ആദ്യവാരത്തിലും ഇതേ ആവശ്യങ്ങളുന്നയിച്ച് പണിമുടക്കിയിരുന്നെങ്കിലും അധികൃതരുടെ അഭ്യര്‍ഥന മാനിച്ച് അനിശ്ചിതകാല സമരത്തില്‍നിന്ന് പിന്മാറുകയായിരുന്നുവെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
വിവിധ ജില്ലകളിലേക്ക് 550ല്‍പരം ലോഡ് ഇന്ധനമാണ് പ്രതിദിനം ഇരുമ്പനത്തെ പ്ളാന്‍റുകളില്‍നിന്ന് കൊണ്ടുപോകുന്നത്. ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ ഇന്ധന ടാങ്കറുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയതോടെ വ്യാഴാഴ്ച 550 ലോഡ് വിതരണം മുടങ്ങി.
പുതുക്കിയ ടെണ്ടര്‍ നടപടികള്‍മൂലം ചെറുകിട കരാറുകാരായ ടാങ്കര്‍ ലോറികള്‍ക്ക് ലഭിക്കുന്ന കരാറില്‍ കുറവുണ്ടാകുമെന്നും വന്‍കിടക്കാരെയാണ് ഇത് സഹായിക്കുകയെന്നുമാണ് സമരസമിതിയുടെ ആരോപണം. നേരത്തേ നടത്തിയ സമരം പിന്‍വലിക്കുന്നതിന് അധികൃതര്‍ നല്‍കിയ ഉറപ്പുപ്രകാരം ഓണം കഴിഞ്ഞ് വീണ്ടും ചര്‍ച്ച നടത്തി ടെണ്ടര്‍ നടപടികളിലെ അപാകത പരിഹരിക്കുമെന്ന തീരുമാനത്തില്‍നിന്ന് അധികൃതര്‍ പിന്നോട്ടുപോയതാണ് പണിമുടക്കിന് വഴിവെച്ചതെന്നും അവര്‍ വ്യക്തമാക്കി.