ജൈവവൈവിധ്യ പരിപാലന സമിതികള്‍ക്ക്‌ തുടക്കമാക്കുന്നു

കോട്ടക്കല്‍: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജൈവവൈവിധ്യ പരിപാലന സമിതികള്‍ക്ക്‌ പുതുജീവന്‍ നല്‍കാനുള്ള നിര്‍ദേശവുമായി സര്‍ക്കാര്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ പ്രവര്‍ത്തനസജ്ജമായതിനു പിറകേയാണ്‌ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഗതിവേഗം കൂട്ടാന്‍ നിര്‍ദേശം വന്നത്‌. മുമ്പുള്ള ഭരണസമിതികളുടെ കാലാവധി പൂര്‍ത്തീയായതിനോടൊപ്പം നിലവിലുണ്ടായിരുന്ന സമിതികളും ഇല്ലാതായ സാഹചര്യത്തിലാണ്‌ ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത്‌.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ. കെ പി ലാലാദാസ്‌ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച്‌ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്‌. നിലവില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപന പരിധിയില്‍ ജൈവവൈവിധ്യ സംബന്ധമായ എല്ലാ കാര്യങ്ങളും തീരുമാനിക്കാനുള്ള അധികാരം അതാതു ജൈവവൈവിധ്യ പരിപാലന സമിതികള്‍ക്കാണ്‌(ബിഎംസി). മൂന്നു മാസത്തിനകം തദ്ദേശസ്ഥാപനങ്ങളില്‍ പരിപാലന സമിതികള്‍ മികച്ച രീതിയില്‍ പുനരുജ്ജീവിപ്പിക്കണമെന്നാണ്‌ പുതിയ നിര്‍ദേശം. എട്ട്‌ അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതിയുടെ ചെയര്‍മാന്‍ പഞ്ചായത്തില്‍ പ്രസിഡണ്ടോ നഗരസഭാധ്യക്ഷന്‍മാരോ ആയിരിക്കും. തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ്‌ കമ്മിറ്റിയുടെയും സെക്രട്ടറിമാര്‍. നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആറില്‍ നാലുപേര്‍ പൊതുവിഭാഗത്തില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരോ, മറ്റു മേഖലകളിലെ വിദഗ്‌ധരോ ആവാം. സമിതിയുടെ അംഗങ്ങളില്‍ ഒരാള്‍ പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും രണ്ടു പേര്‍ സ്‌ത്രീകളും ആവണമെന്ന വ്യവസ്ഥയുണ്ട്‌.