ജെഎന്‍യുവില്‍ നിന്നും കനയ്യ കുമാര്‍ അടക്കം അഞ്ചു വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ നിര്‍ദ്ദേശം

kanaya kumarദില്ലി: വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ജെഎന്‍യു ഉന്നതതല സമിതിയുടെ ശുപാര്‍ശ. കനയ്യ കുമാറിനെ കൂടാതെ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ, അശുതോഷ് കുമാര്‍ തുടങ്ങിയവരെയാണ് പുറത്താക്കാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട മറ്റ് നാല് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യാനും മറ്റ് ചില വിദ്യാര്‍ത്ഥികളില്‍ നിന്ന് പിഴ ഈടാക്കാനുമാണ് സമിതി ശുപാര്‍ശ. ഇവരടക്കം 21 പേര്‍ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കും. സമിതിയുടെ ശുപാര്‍ശ പരിശോധിച്ച ശേഷം വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറടങ്ങുന്ന സര്‍വ്വകലാശാല അധികൃതര്‍ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും. സര്‍വകലാശാല അനുശാസിക്കുന്ന ചട്ടങ്ങളും അച്ചടക്കവും വിദ്യാര്‍ത്ഥികള്‍ ലംഘിച്ചതായാണ് സമിതിയുടെ കണ്ടെത്തല്‍. അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട കേസിലാണ് സമിതിയ നിയോഗിച്ചത്.

കഴിഞ്ഞ ദിവസം കനയ്യ അടക്കമുള്ള എട്ട് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ സര്‍വകലാശാല പിന്‍വലിച്ചിരുന്നു. ഈ സമിതിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും സമിതി അന്വേഷണത്തോട് സഹകരിച്ചിട്ടില്ല. വിവിധ വകുപ്പുകളില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ധ്യാപക യൂണിയനും ആവശ്യപ്പെട്ടിരുന്നു.