ജീവന്‍ പന്താടി റെയില്‍വെയുടെ പരീക്ഷണം; നിസ്സഹായരായി യാത്രക്കാര്‍

താനൂര്‍/പരപ്പനങ്ങാടി: മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മംഗലാപുരം എക്‌സ്പ്രസ് തീവണ്ടിയുടെ എഞ്ചിനില്‍ നിന്നും തീയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടുതവണ യാത്ര തടസ്സപ്പെട്ടു. കടലുണ്ടിക്കും പരപ്പനങ്ങാടിക്കും ഇടയില്‍ ചെട്ടിപ്പടി റെയില്‍വേഗേറ്റില്‍ വെച്ചാണ് രാത്രി ഏഴര മണിക്ക് സംഭവം നടന്നത്.

 

ഇതേ തുടര്‍ന്ന് അരമണിക്കൂറോളം വണ്ടി ഇവിടെ നിര്‍ത്തിയിടുകയായിരുന്നു. എഞ്ചിനില്‍ ഡീസല്‍ടാങ്കിന് സമീപത്ത് പാക്കിങ്ങിനായി ഉപയോഗിച്ച കാര്‍ബോര്‍ഡ് ഷീറ്റിനാണ് തീ പിടിച്ചത്. ഈ ഷീറ്റുകള്‍ എടുത്ത്മാറ്റിയാണ് അപകടം ഒഴിവാക്കിയത്. പിന്നീട് യാത്ര തുടര്‍ന്ന തീവമ്ടിയുടെ എഞ്ചിനില്‍ നിന്ന് വീണ്ടും പുകയുയരുകയും ചെയ്തു. തുടര്‍ന്ന് പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാതെ വേഗം കുറച്ചാണ് യാത്ര തുടര്‍ന്നത്. തിരൂരിലെത്തി എഞ്ചിന്‍മാറ്റിയാണ് പിന്നീട് യാത്രതുടര്‍ന്നത്.

 

കൂടാതെ രണ്ടാമത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വെളിച്ചവും അനുബന്ധ സൗകര്യങ്ങള്‍ ഇല്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കി. കോഴിക്കോട് മുതലുള്ള ഇതേ അവസ്ഥ താനൂര്‍ പിന്നിടുമ്പോഴും അവസാനിച്ചിട്ടില്ല. എന്നാല്‍ സ്ത്രീകളും കുട്ടികളുമടക്കം തിങ്ങി നിറഞ്ഞ ബോഗിയില്‍ ടോര്‍ച്ച് ലൈറ്റിന്റെ സഹായത്തിലാണ് യാത്ര തുടരുന്നത്. ഇത് ശ്രദ്ധയില്‍പെടത്തിയെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന റെയില്‍വെയുടെ സമീപനത്തില്‍ യാത്രക്കാര്‍ കടുത്ത അമര്‍ഷത്തിലാണ്.