ജിഷ വധക്കേസ്‌;ഐജിയുടെ റിപ്പോര്‍ട്ട്‌ പോലീസ്‌ കംപ്ലയിന്റ്‌ അതോറിറ്റി തള്ളി

jishaകൊച്ചി: ജിഷ വധക്കേസുമായി ബന്ധപ്പെട്ട ഐജിയുടെ റിപ്പോര്‍ട്ട്‌ പോലീസ്‌ കംപ്ലയിന്റ്‌ അതോറിറ്റി തള്ളി. കേസില്‍ ഇടപെടാന്‍ അതോറിറ്റിക്ക്‌ അധികാരമില്ലെന്ന നിലയിലാണ്‌ ഐജി റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഇക്കാര്യത്തില്‍ പോലീസിന്റെ നിലപാട്‌ അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ അതോറിറ്റി റിപ്പോര്‍ട്ട്‌ തള്ളിയത്‌.

ജിഷയുടെ മൃതദേഹം അമ്മയുടെ അനുവാദമില്ലാതെയാണ്‌ കത്തിച്ചതെന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ്‌ ഗുരുതര വീഴ്‌ച വരുത്തിയെന്നും കംപ്ലയിന്റ്‌ അതോറിറ്റി കണ്ടെത്തിയിരുന്നു. ദുരൂഹമരണം നടന്ന സ്ഥലം സീല്‍ ചെയ്യാന്‍ പോലീസ്‌ തയ്യാറാകാതിരുന്നത്‌ തെളിവ്‌ നശിക്കാന്‍ കാരണമായെന്നും പരാതിയിലുണ്ട്‌.

കുറുപ്പുംപടി പോലീസ്‌ എസ്‌ഐ മുതല്‍ റേഞ്ച്‌ ഐജി വരെയുള്ളവര്‍ ഏപ്രില്‍ 28 മുതല്‍ മെയ്‌ 2 വരെ അഞ്ച്‌ ദിവസം നിയമ വിരുദ്ധമായി മൂടിവെച്ചുവെന്നായിരുന്നു പോലീസ്‌ കംപ്ലയിന്റ്‌ അതോറിറ്റിക്ക്‌ പരാതി ലഭിച്ചിരുന്നത്‌. കേസിന്റ പ്രാഥമിക അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയെന്ന്‌ ചൂണ്ടിക്കാട്ടി പോലീസ്‌ കംപ്ലയിന്റ്‌ അതോറിറ്റിക്ക്‌ മുന്‍പില്‍ കൊച്ചി റേഞ്ച്‌ ഐജി മഹിപാല്‍ യാദവ്‌ അടക്കം അഞ്ച്‌ പോലീസ്‌ ഉദ്യോഗസ്ഥരോട്‌ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു.