ജിഷ കൊലക്കേസ്‌: കൊലപാതകം നടന്നത്‌ വൈകീട്ട്‌ 5.40 ന്‌;നിലവിള കേട്ടതായി സമീപവാസികള്‍

jisha-familyപെരുമ്പാവൂര്‍: നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ മൃഗീയമായി കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതക സമയം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പോലീസ്‌. വൈകുന്നേരം 5.40ന് ജിഷയുടെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി സമീപത്തെ മൂന്നു സ്ത്രീകള്‍ പൊലീസിന് മൊഴി നല്‍കി. കൃത്യം നടന്നത് ഒരു മണിക്കും ആറ് മണിക്കും ഇടയിലാണെന്നാണ് പൊലീസ് നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ കൊലപാതകം നടന്നത് വൈകിട്ട് 5.35നും ആറ് മണിക്കും ഇടയിലാണെന്നാണ് പുതിയ നിഗമനം. 5.40 ന് പെണ്‍കുട്ടിയുടെ നിലവിളിയും ഞരക്കവും കേട്ടതായി സ്ത്രീകള്‍ മൊഴി നല്‍കി.

വൈകിട്ട് അഞ്ച് മണിയോടെ വെള്ളം എടുക്കാന്‍ ജിഷ പുറത്തിറങ്ങിയത് കണ്ടതായി ഒരു അയല്‍വാസിയു മൊഴി നല്‍കി. കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ 6.30ഓടെ കനാല്‍ വഴി പോയതായും ഇവര്‍ പൊലീസിനോട് വ്യക്തമാക്കി. ഇയാള്‍ മഞ്ഞ ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്. വ്യാഴാഴ്ച അതു വഴി ഈ വേഷത്തില്‍ ആരെയെങ്കിലും കണ്ടിരുന്നോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വാഹന പരിശോധനയുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകം നടന്ന ദിവസം വൈകിട്ട് അഞ്ചിനും ആറരയ്ക്കുമിടയില്‍ കനാല്‍ ബണ്ട് റോഡില്‍ വാഹനപരിശോധന നടന്നിരുന്നു. ദൃശ്യങ്ങളില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ജിഷയുടെ ദേഹത്ത് 38 ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്. മാറിടത്തിലും കഴുത്തിലുമായി 13 ഇഞ്ച് ആഴത്തിലുള്ള രണ്ട് മുറിവുകളും കണ്ടെത്തിയിരുന്നു. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡുകൊണ്ട് ആഴത്തില്‍ കുത്തിയതിനെത്തുടര്‍ന്ന് വന്‍കുടല്‍ പുറത്തുവരുകയും ജനനേന്ദ്രിയവും മലദ്വാരവും ഒന്നിച്ച അവസ്ഥയിലുമായിരുന്നു. ഇത്ര ക്രൂരമായി ജിഷയെ കൊലപ്പെടുത്താന്‍ തക്ക പ്രതികാരം ആര്‍ക്കെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.