ജിഷ്ണുവിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്

തൃശൂര്‍ : പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് അന്വേഷണച്ചുമതല. അതിനിടെ ജിഷ്ണു ജിഷ്ണു കോപ്പിയടിച്ചെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സാങ്കേതിക സര്‍വകലാശാല അന്വേഷകസംഘം അറിയിച്ചു. കോപ്പിയടിച്ചതായി പറയുന്ന ദിവസം അത്തരത്തില്‍ റിപ്പോര്‍ട്ട് കോളേജില്‍നിന്ന് സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കോപ്പിയടിച്ചെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍വകലാശാലാ നിലപാടെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഷാബു അറിയിച്ചു.

കോപ്പിയടിച്ചെന്ന ആക്ഷേപം കോളേജ് പ്രിന്‍സിപ്പലും നിരാകരിച്ചു. സംശയത്തെത്തുടര്‍ന്ന് രണ്ട് പേപ്പറും പരിശോധിച്ചെന്നും സാമ്യമില്ലായിരുന്നെന്നും നന്നായി പഠിക്കണമെന്ന് ഉപദേശിച്ച് വിടുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ ഡോ. എ എസ് വരദരാജന്‍ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ ജി പി പത്മകുമാറിന് മൊഴി നല്‍കി. പരീക്ഷ ഇന്‍വിജിലേറ്റര്‍ ഇരുപേപ്പറിലും സാമ്യമുണ്ടെന്നു പറഞ്ഞത് വാര്‍ത്തയായിരുന്നു.

സാങ്കേതിക സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്കു പുറമെ വിദ്യാര്‍ഥികളില്‍നിന്നും ചൊവ്വാഴ്ച മൊഴിയെടുത്തു. സംഭവത്തില്‍ മനുഷ്യാവകാശ കമീഷനും യുവജന കമീഷനും റിപ്പോര്‍ട്ട് തേടി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഷ്ണുവിന്റെ ദേഹത്ത് പരിക്കേറ്റ പാട് കണ്ടെത്തി. മൂക്കിന്റെ വശത്തെ പാടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുസംബന്ധിച്ച വിവരം ഡോക്ടര്‍മാര്‍ പൊലീസിന് കൈമാറി. മുറിവിന്റെ പഴക്കം, ആഴം തുടങ്ങിയവ പൊലീസ് അന്വേഷിക്കും.