ജിഷാ വധക്കേസ് വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിഭാഗം

കൊച്ചി :  പെരുമ്പാവൂരില്‍  നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിഭാഗം.  പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബി. ആളൂരാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.  ജിഷകേസില്‍ ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ശേഖരിക്കുന്നതിലും, എഫ്ഐആര്‍ തയ്യാറാക്കുന്നതിലും അന്വേഷണസംഘത്തിന് വീഴ്ച സംഭവിച്ചതായി വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഈ  വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്നാവശ്യപെട്ടാണ് ഹര്‍ജി.  ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും ചീഫ് ജസ്റ്റിസിനും പ്രതിഭാഗം പരാതി നല്‍കും. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിയ ഡിജിപി ലോക്നാഥ് ബെഹ്റ, വിജിലന്‍സിന് ഇങ്ങനെ റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരമില്ലെന്നു സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് ജിഷയെ പെരുമ്പാവൂരിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.