ജില്ലാ കലക്‌ടര്‍ കെ. ബിജുവിന്‌ യാത്രയയപ്പ്‌ നല്‍കി

unnamed (1)മലപ്പുറം:എംപ്ലോയ്‌മെന്റ്‌ ആന്റ്‌ ട്രൈനിങ്‌ ഡയറക്‌ടറായി സ്ഥലം മാറി പോകുന്ന ജില്ലാ കലക്‌ടര്‍ കെ. ബിജുവിന്‌ ജില്ലയുടെ സ്‌നേഹോഷ്‌മള യാത്രയയപ്പ്‌. കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും കലക്‌ടറേറ്റ്‌ ജീവനക്കാരും കലക്‌ടര്‍ക്ക്‌ യാത്രാമംഗളം നേര്‍ന്നു. 2013 ജൂണ്‍ മൂന്നിനാണ്‌ കെ. ബിജു ജില്ലാ കലക്‌ടറായി ചുമതലയേറ്റത്‌. അഴിമതിക്കെതിരായും വികസനത്തിന്‌ വേണ്ടിയും ജില്ലയിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന്‌ യാത്രയയപ്പ്‌ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. സാധാരണക്കാരെയും സമൂഹത്തില്‍ പാവപ്പെട്ടവരെയും പരിഗണിച്ച്‌ പ്രവര്‍ത്തിക്കാനാണ്‌ തന്നെ അധ്യാപകര്‍ പഠിപ്പിച്ചതെന്നും അത്‌ പരമാവധി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 138 വില്ലേജുകളുടെയും വെബ്‌സൈറ്റ്‌ പ്രകാശനം പരിപാടിയില്‍ കലക്‌ടര്‍ നിര്‍വഹിച്ചു.
പെരിന്തല്‍മണ്ണ സബ്‌കലക്‌ടര്‍ അമിത്‌ മീണ പരിപാടിയില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം ഉമ്മര്‍ അറക്കല്‍, ഡി.ടി.പി.സി. സെക്രട്ടറി വി. ഉമ്മര്‍കോയ, അക്ഷയ ജില്ലാ സെക്രട്ടറി കെ.പി. മുഹമ്മദ്‌ ബഷീര്‍, ഡെപ്യൂട്ടി കലക്‌ടര്‍മാരായ വി. രാമചന്ദ്രന്‍, ഡോ. അരുണ്‍, ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ കെ. ശശികുമാര്‍, ലീഡ്‌ ജില്ലാ മാനെജര്‍ അബ്‌ദുല്‍ ജബ്ബാര്‍, ഡി.എഫ്‌.ഒ., എ.ഇ. ചന്ദ്രന്‍, കലക്‌ടറുടെ പത്‌നി അമൃത തുടങ്ങിയവര്‍ സംസാരിച്ചു.