ജില്ലയില്‍ 2361 പോളിങ്‌ സ്റ്റേഷനുകള്‍; 40 മാതൃകാ ബൂത്തുകള്‍

poll01മലപ്പുറം: ജില്ലയിലെ 30.33 ലക്ഷം വോട്ടര്‍മാര്‍ക്കായി ആകെ 2361 പോളിങ്‌ സ്റ്റേഷനുകളാണ്‌ ഒരുക്കിയിട്ടുള്ളത്‌. പോളിങ്‌ സ്റ്റേഷനുകളിലെല്ലാം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദേശിച്ചത്‌ പ്രകാരം കുടിവെള്ളം, വെളിച്ചം, ശൗചാലയം, അംഗപരിമിതര്‍ക്ക്‌ റാംപ്‌, തണല്‍ കേന്ദ്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. വോട്ടര്‍മാര്‍ക്കും പോളിങ്‌ ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയ 40 മാതൃകാ പോളിങ്‌ ബൂത്തുകളും ജില്ലയിലുണ്ട്‌.
വനിതാ വോട്ടര്‍മാര്‍ മാത്രമുള്ള 12 ബൂത്തുകള്‍ ജില്ലയിലെ പൊന്നാനി നിയോജക മണ്‌ഡലത്തിലുണ്ട്‌. വനിതാ പോളിങ്‌ ഉദ്യോഗസ്ഥര്‍ മാത്രം ജോലി ചെയ്യുന്ന 15 പോളിങ്‌ ബൂത്തുകളും പൊന്നാനി ഒഴികെയുള്ള നിയോജക മണ്‌ഡലങ്ങളില്‍ സജീകരിക്കുന്നുണ്ട്‌. ഏത്‌ സ്ഥാനാര്‍ഥിക്കും ചിഹ്നത്തിലും വോട്ടു ചെയ്‌തെന്ന്‌ ഉറപ്പാക്കാവുന്ന വി.വി.പാറ്റ്‌ സംവിധാനം മലപ്പുറം നിയോജക മണ്‌ഡലത്തിലെ 92 പോളിങ്‌ ബൂത്തുകളിലുണ്ടാകും.
വിവിധ മണ്‌ഡലങ്ങളിലെ പോളിങ്‌ സ്റ്റേഷനുകളുടെ എണ്ണം: നിലമ്പൂര്‍- 164, വണ്ടൂര്‍- 171, ഏറനാട്‌- 140, മഞ്ചേരി- 144, മലപ്പുറം- 155, വേങ്ങര- 128, വള്ളിക്കുന്ന്‌- 140, തിരൂരങ്ങാടി- 143, താനൂര്‍- 137, തിരൂര്‍- 157, കോട്ടക്കല്‍- 144, തവനൂര്‍- 139, പൊന്നാനി- 150, പെരിന്തല്‍മണ്ണ- 157, മങ്കട- 151, കൊണ്ടോട്ടി- 141.
താനൂര്‍ നിയോജക മണ്‌ഡലത്തില്‍ 17 ഉം തവനൂരില്‍ 10 ഉം തിരൂരില്‍ എട്ടും പൊന്നാനിയില്‍ ഏഴും ഏറനാട്‌, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ നാലും നിലമ്പൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ മൂന്നും മങ്കടയില്‍ രണ്ടും കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, വള്ളിക്കുന്ന്‌ എന്നിവിടങ്ങളില്‍ ഒന്നു വീതവും ഓക്‌സിലറി ബൂത്തുകളാണ്‌.